ബൈപാസിൽ മാലിന്യം തള്ളിയ വാഹനം പിടിയിൽ; മാലിന്യം തള്ളിയ സ്ഥലവും പരിസരപ്രദേശങ്ങളും ഡ്രൈവർ ശുചീകരിക്കണമെന്ന് കലക്ടർ
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: നമ്മുടെ കോഴിക്കോട് പദ്ധതിയുടെ ഭാഗമായുള്ള 'മിഷന് സുന്ദരപാതയോരം' ശുചീകരണ പ്രവൃത്തിയിലുള്‍പ്പെടുത്തി വൃത്തിയാക്കിയ മലാപ്പറമ്പ് -തൊണ്ടയാട് ബൈപാസ് റോഡിൽ മാലിന്യം തള്ളിയ വാഹനവും ഡ്രൈവറും പിടിയില്‍. കെ.എല്‍ 11 എ.എൽ 3684 ടിപ്പർ ലോറിയാണ് പിടികൂടിയത്.
രണ്ട് ദിവസത്തിനുള്ളിൽ മാലിന്യം തള്ളിയ സ്ഥലം പൂർവസ്ഥിതിയിലാക്കാനും പരിസരപ്രദേശങ്ങൾ ശുചീകരിക്കാനും കലക്ടര്‍ സാംബശിവറാവു ഡ്രൈവർക്ക് നിർദേശം നൽകി. ഈ ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഷഫീര്‍ മുഹമ്മദ്, കെ.സി. സൗരവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം പിടികൂടിയത്.