കല്ലായിപ്പുഴയിൽ മാലിന്യം വീണ്ടും; പുഴ സംരക്ഷണ നടപടികൾ ഇനിയുമായില്ല
text_fieldsകല്ലായിപ്പുഴയോരത്തെ മാലിന്യം
കോഴിക്കോട്: നഗരത്തിന്റെ ജീവനാഡിയായ കല്ലായിപ്പുഴയിൽ മാലിന്യം തള്ളൽ വ്യാപകമായതായി പരാതി. പുഴകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന അധികാരികളുടെ മുന്നറിയിപ്പുകൾക്കിടയിലും കല്ലായിപ്പുഴയിൽ ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റും ഉന്തുവണ്ടിയിൽ കൊണ്ടുവന്ന് തള്ളുന്നതായാണ് പരാതി. കല്ലായി അഴിമുഖത്തോടു ചേർന്ന മേഖലയിലാണ് മാലിന്യം അധികവും കൊണ്ടിടുന്നത്.
കണ്ടിൻജൻസി ജീവനക്കാരും മാലിന്യം കൊണ്ടിടുന്നതായി കാണിച്ച് കല്ലായിപ്പുഴ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി കോർപറേഷൻ സെക്രട്ടറിക്ക് പരാതി നൽകി. തങ്ങൾസ് റോഡ് ഹെൽത്ത് ഓഫിസിന്റെ പരിധിയിൽ പള്ളിക്കണ്ടി റോഡിൽ ഹോസ്പിറ്റൽ, ഹോട്ടൽ വേസ്റ്റ് ഉൾപ്പെടെ ദുർഗന്ധമുള്ള മാലിന്യങ്ങൾ കല്ലായിപ്പുഴയിൽ തള്ളുന്നതായാണ് പരാതി. വ്യാഴാഴ്ച നാട്ടുകാർ മാലിന്യം കൊണ്ടുവന്ന വാഹനങ്ങൾ തടഞ്ഞ് ചെമ്മങ്ങാട് പൊലീസിനെ ഏൽപിച്ചിരുന്നു. വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുഴ കൈയേറി മണ്ണിട്ടുനികത്തിയ സ്ഥലത്ത് പഴയ ആക്രിവസ്തുക്കൾ സൂക്ഷിക്കുന്നതിന്റെ മറവിൽ വാഹനത്തിൽ കൊണ്ടുവരുന്ന മാലിന്യങ്ങൾ രാത്രിസമയത്തെ വേലിയിറക്ക സമയത്ത് പുഴയിലേക്ക് തള്ളുന്നുവെന്നാണ് ആരോപണം. ഹോട്ടലിലെ ഭക്ഷ്യാവശിഷ്ടങ്ങൾ ഉന്തുവണ്ടിയിൽ കൊണ്ടുവന്ന് പുഴയിലേക്ക് തള്ളുന്നതും മുമ്പ് നാട്ടുകാർ പിടികൂടിയിരുന്നു. മാലിന്യങ്ങൾ പുഴയിലും പൊതുസ്ഥലങ്ങളിലും തള്ളുന്നതിനെതിരെ കർശന നിയമം നടപ്പാക്കാത്തതാണ് മാലിന്യം വലിച്ചെറിയാൻ കാരണമാകുന്നത്. പുഴ മാലിന്യത്തിന് കാരണമാകുന്ന ആക്രിക്കച്ചവട സ്ഥാപനം പുഴത്തീരത്ത് പ്രവർത്തിക്കുന്നത് അടച്ചുപൂട്ടി, മാലിന്യങ്ങൾ തള്ളിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടറിക്ക് പരാതി നൽകിയത്.
മാലിന്യം തള്ളാനെത്തിയ ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസെടുത്തെങ്കിലും മാലിന്യമിടാൻ നിർദേശം നൽകിയ വ്യക്തിക്കെതിരെ നടപടിയില്ലാത്തതും പ്രതിഷേധത്തിനിടയാക്കി. കല്ലായിപ്പുഴയിലെ കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച കേസുകൾ കോടതി പരിഗണനയിലാണ്. പുഴയിൽനിന്ന് മണ്ണ് നീക്കി ആഴം കൂട്ടാനുള്ള പദ്ധതിയാവട്ടെ, ഇപ്പോഴും ടെൻഡർ നടപടികളിലാണ്.
കല്ലായിപ്പുഴയിൽ കടുപ്പിനി മുതല് കോതി വരെ 4.2 കിലോമീറ്റർ ദൂരത്തിൽ മണ്ണും ചളിയും നീക്കാനുള്ള 7.9 കോടി രൂപയുടെ പദ്ധതിയാണ് നീളുന്നത്. ഇത്രയും പണം കോഴിക്കോട് കോർപറേഷൻ ഇറിഗേഷൻ വകുപ്പിന് കൈമാറിയിട്ടുണ്ട്. എങ്കിലും, ടെൻഡർ വിളിച്ചപ്പോൾ ഇതിലുമധികം പണം വേണമെന്ന കണ്ടെത്തലാണ് വീണ്ടും സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

