മാലിന്യം കല്ലായിക്കടവിൽ തള്ളുന്നതായി പരാതി
text_fieldsകല്ലായിപ്പുഴയിലേക്ക് മാലിന്യം കൊണ്ടിടുന്നു
കോഴിക്കോട്: കല്ലായി പാലത്തിലെ അറ്റകുറ്റപ്പണിയുടെ അവശിഷ്ടങ്ങൾ പുഴക്കടവിലിടുന്നതായി പരാതി. പാലത്തിൽനിന്നുള്ള മണ്ണും മറ്റുമാണ് പുഴയിലേക്കിടുന്നത്. പുഴയിൽ മാലിന്യം തള്ളുന്നത് തടയണമെന്ന് പറയുന്ന അധികൃതർക്കുവേണ്ടി ജോലിചെയ്യുന്നവർ തന്നെ പുഴയിലേക്ക് സാധനങ്ങൾ കൊണ്ടിടുന്നത് പ്രതിഷേധത്തിനടിയാക്കി. ഇന്റർലോക്ക് മാറ്റുന്ന ജോലിയാണ് പാലത്തിന് സമീപം നടക്കുന്നത്. മണ്ണിനൊപ്പം പുല്ലും കാടുമൊക്കെ പുഴയോരത്തിട്ടിട്ടുണ്ട്. പ്ലാസ്റ്റിക്കടക്കമുള്ള സാധനങ്ങൾ ഇതിലുണ്ട്. മാലിന്യം പുഴയോരത്ത് കൂട്ടിയിടാതെ പെട്ടെന്ന് മാറ്റണമെന്നാണ് ആവശ്യം. കല്ലായിപ്പുഴ സംരക്ഷണ സമിതി പരാതി നൽകിയതിനെ തുടർന്ന് വില്ലേജ് ഓഫിസർ വി.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു. കോൺക്രീറ്റ് മാലിന്യം കൊണ്ടിട്ടിട്ടില്ലെന്ന് ദേശീയപാത അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടൽ മാലിന്യമടക്കം കൊണ്ടിടുന്നത് തടഞ്ഞിരുന്നു. പുഴ കൈയേറ്റത്തിനെതിരെയും പുഴയിൽ മാലിന്യം തള്ളുന്നതിനെതിരെയും കല്ലായിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഹൈകോടതിയിൽ ഉൾപ്പെടെ നിയമപോരാട്ടം നടത്തി പുഴയെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ അധികൃതർ പുഴയിൽ മാലിന്യം തള്ളുകയാണെന്ന് സമിതി ജനറൽ സെകട്ടറി ഫൈസൽ പള്ളിക്കണ്ടി പറഞ്ഞു. കരാറുകാരൻ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കല്ലായി പാലത്തിന് താഴെ പുഴയിൽ തള്ളിയത് പുഴ സംരക്ഷണ സമിതി പ്രവർത്തകർ തടയുകയായിരുന്നു. അർധരാത്രിയിൽ പുഴയിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് പതിവാണെന്നും പുഴയിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമം നിലനിൽക്കെ നിയമം നടപ്പാക്കാത്ത അധികൃതരുടെ സമീപനമാണ് വീണ്ടും മാലിന്യം തള്ളാൻ കാരണമാകുന്നതെന്നും കല്ലായിപ്പുഴ സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

