ഫുൾ എ പ്ലസായിട്ടും സീറ്റില്ല; കെ.എസ്.യു പ്രതിഷേധത്തിൽ സംഘർഷം
text_fieldsഎസ്.എസ്.എല്‍സിക്ക് ഫുള്‍ എ പ്ലസ് കിട്ടിയിട്ടും പ്ലസ് വൺ
പ്രവേശനം ലഭിക്കാത്ത വിദ്യാർഥികള്‍ക്കൊപ്പം കോഴിക്കോട് ഹയർ സെക്കൻഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
കോഴിക്കോട്: ഫുൾ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുപോലും മലബാറിൽ പ്ലസ് വണ്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.യു ജില്ല കമ്മിറ്റി നടത്തിയ കോഴിക്കോട് റീജനല്‍ ഡെപ്യൂട്ടി ഡയറക്ടർ (ആര്.ഡി.ഡി) ഓഫിസ് ഉപരോധത്തിൽ സംഘർഷം. മുഴുവന്‍ വിഷയത്തിനും എ പ്ലസ് കിട്ടിയിട്ടും രണ്ട് അലോട്ട്മെന്റിലും സീറ്റ് കിട്ടാത്ത അഭിഷേക്, സൂര്യദത്തന് എന്നീ വിദ്യാര്ഥികളുമൊത്താണ് പ്രവര്‍ത്തകര്‍ ഓഫിസിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയെങ്കിലും ആര്.ഡി.ഡി കൃത്യമായ മറുപടി നല്‍കാതെ പിരിഞ്ഞുപോകില്ലെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. ഇതോടെ പ്രവർത്തകരെ പൊലീസ് ബലമായി അറസ്റ്റുചെയ്ത് നീക്കാൻ ശ്രമം തുടങ്ങി. തുടർന്നാണ് സംഘര്‍ഷമുണ്ടായത്. വനിത പ്രവര്‍ത്തകര്‍ ഉൾപ്പെടെയുള്ളവരെയാണ് വലിച്ചിഴച്ചു നീക്കിയത്.
രാവിലെ 10.15നാണ് പ്രവർത്തകർ ആർ.ഡി.ഡിയെ ഉപരോധിച്ചത്. ആദ്യം ഓഫിസിനുള്ളില്‍ കുത്തിയിരുന്ന് ഉപരോധിച്ച പ്രവര്‍ത്തകരോട് പൊലീസ് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാൽ, പ്രവര്‍ത്തകര്‍ ആര്.ഡി.ഡിയുടെ മുറിയില്‍ നിന്നിറങ്ങി വാതിലിന് സമീപം കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ചെമ്മങ്ങാട് ഇൻസ്പെക്ടര്‍ കിരണ്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമം തുടങ്ങി. പൊലീസ് വാഹനത്തിലേക്ക് കയറാന്‍ വിസമ്മതിച്ച പ്രവര്‍ത്തകര്‍ ഫ്രാന്‍സിസ് റോഡില്‍ ഇരുന്ന് പ്രതിഷേധം തുടർന്നു. ഇതോടെ കൂടുതല്‍ പൊലീസെത്തി ഇവരെ ബലമായി വാഹനത്തില്‍ പിടിച്ചു കയറ്റുകയായിരുന്നു.
കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. സൂരജ്, സംസ്ഥാന സമിതി അംഗം അര്ജുന് പൂനത്ത്, ജില്ല വൈസ് പ്രസിഡന്റുമാരായ എം.പി. രാഗിന്, ഫായിസ് നടുവണ്ണൂര്‍, ഫുആദ് സുവീന്‍, ജില്ല ഭാരവാഹികളായ മുആദ് നരിനട, ഫിലിപ് ജോണ്‍, ആദില്‍ മുണ്ടിയത്ത്, മെബിന് പീറ്റര്‍, സിനാന് പള്ളിക്കണ്ടി, ശ്രീരാഗ് ചാത്തമംഗലം, അര്ജുന് ഏടത്തില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

