ഫ്രഷ്കട്ട്; പ്ലാന്റിന്റെ പ്രവർത്തനം നിരീക്ഷിക്കും -കലക്ടർ
text_fieldsകോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ കര്‍ശനമായി നിരീക്ഷിക്കുമെന്ന് ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന് പ്രതിനിധികള്‍ തുടങ്ങി സര്‍ക്കാര്‍ ഏജന്‍സികളെ ഇതിനായി നിയോഗിക്കും. ഫ്രഷ്കട്ട് പ്ലാന്റുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനായി സമരക്കാരെ പ്രതിനിധാനം ചെയ്ത്, വരാനിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനുള്ളവരെ നിശ്ചയിച്ചുനല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് കലക്ടര്‍ ആവശ്യപ്പെടുകയും ചെയ്തു.
പ്ലാന്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധ നിബന്ധനകള്‍ മുന്നോട്ടുവെച്ചു. പ്ലാന്റില്‍ മാലിന്യം സംഭരിച്ചുവെക്കുന്നത് കര്‍ശനമായും ഒഴിവാക്കുക, പൂര്‍ണമായും ശീതീകരിച്ച വാഹനങ്ങളിൽ മാത്രം മാലിന്യം കൊണ്ടുവരുക, ദുര്‍ഗന്ധം അനുഭവപ്പെടുന്നത് കുറക്കാന്‍ പെര്‍ഫ്യൂം സംവിധാനം ഉറപ്പുവരുത്തുക, യഥാർഥ കുറ്റവാളികളെ കണ്ടെത്തി നിരപരാധികളെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്.
പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്കരണം 25 ടണ്ണില്‍നിന്ന് 20 ടണ്ണായി കുറക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (ഡി.എൽ.എഫ്.എം.സി) യോഗം തീരുമാനിച്ചിരുന്നു. ദുര്‍ഗന്ധം കുറക്കുന്നതിനായി വൈകീട്ട് ആറു മുതല്‍ രാത്രി 12 വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും പഴകിയ അറവുമാലിന്യം പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായി നിര്‍ത്താനും പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്കരിക്കുന്നുവെന്ന് ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചിരുന്നു. പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരം അധികൃതര്‍ക്ക് കൈമാറണമെന്നും മലിനജല സംസ്കരണ പ്ലാന്റായ ഇ.ടി.പിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും തീരുമാനിച്ചിരുന്നു.
ഇതിനായി ഇ.ടി.പിയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ എൻ.ഐ.ടിയില്‍ പരിശോധന നടത്തുമെന്നും എടുത്ത തീരുമാനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും യോഗത്തില്‍ കലക്ടർ വ്യക്തമാക്കി. എം.കെ. മുനീര്‍ എം.എൽ.എ, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ ഇ.ടി. രാകേഷ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്സി. എൻജിനീയര്‍ വി.വി. റമീന, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രശ്നങ്ങള്‍ തീര്‍ക്കാതെ ഫ്രഷ് കട്ട് സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ ഡോ. എം.കെ. മുനീർ എം.എൽ.എയും മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എം.എ. റസാഖ് മാസറ്ററും യോഗത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി.
രണ്ടുപേർകൂടി അറസ്റ്റിൽ
താമരശ്ശേരി: ഫ്രഷ് കട്ട് സമരത്തിൽ പങ്കെടുത്ത രണ്ടുപേർകൂടി അറസ്റ്റിൽ. തച്ചംപൊയിൽ പുതിയാറമ്പത്ത് ഷബീർ അലി (32), പുതിയാറമ്പത്ത് സാബിത് (33) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. പ്രതികൾക്കായി തിരച്ചിൽ നടത്തുന്നെന്ന പേരിൽ പൊലീസ് വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന നാട്ടുകാരുടെ ആക്ഷേപം ഇപ്പോഴും നിലനിൽക്കുകയാണ്. അതേസമയം, ഫ്രഷ് കട്ട് ദുരിതബാധിതരുടെ പ്രശ്നം അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്നും സ്ഥാപനം അടച്ചുപൂട്ടുന്നതു വരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.
ജനകീയ സമരം പുനരാരംഭിച്ചു; ഗൂഢാലോചന പുറത്തുകൊണ്ടുവരണം -എം.എൻ. കാരശ്ശേരി
താമരശ്ശേരി: ഫ്രഷ് കട്ട് പ്ലാന്റിനെതിരായ ജനകീയ സമരം സംഘർഷത്തിലേക്ക് നീങ്ങിയതിനു പിന്നിലെ ഗൂഢാലോചന പൊലീസ് പുറത്തുകൊണ്ടുവരണമെന്നും പണമുണ്ടെങ്കിൽ എന്തുമാവാമെന്ന ധാരണയാണ് ചില മാഫിയാപണി ചെയ്യുന്നവർക്കുള്ളതെന്നും എം.എൻ. കാരശ്ശേരി പറഞ്ഞു. സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഫ്രഷ് കട്ട് വിരുദ്ധ അനിശ്ചിതകാല ജനകീയ സമരം പുനരാരംഭിച്ചത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണിനും പരിസ്ഥിതിക്കും വേണ്ടിയുള്ള സമരം ഒരിക്കലും പരാജയപ്പെടില്ലെന്നും ജനകീയ സമരങ്ങൾക്കുമേൽ ആരും ജാതിയുടെയും മതത്തിന്റെയും ചാപ്പ കുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ 21ന് നടന്ന ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമരം സംഘർഷത്തിൽ കലാശിച്ചതോടെ നിർത്തിവെച്ച അനിശ്ചിതകാല സമരമാണ് അമ്പലമുക്കിൽ ചൊവ്വാഴ്ച പുനരാരംഭിച്ചത്. ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. തമ്പി പറകണ്ടത്തിൽ സ്വാഗതം പറഞ്ഞു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ നാസർ എസ്റ്റേറ്റ് മുക്ക്, റംസീന നരിക്കുനി, നാസർ ഫൈസി കൂടത്തായി, കെ.വി. ഷാജി, പി.പി. കുഞ്ഞായിൻ, കെ.പി. കുഞ്ഞഹമ്മദ്, അമീർ മുഹമ്മദ് ഷാജി, അജിത് കുമാർ, ചിന്നമ്മ ജോർജ്, പി.പി. ഹാഫിസ് റഹ്മാൻ, എം. സുൽഫിക്കർ, മുനവ്വർ സാദത്ത്, സുബൈർ വെഴുപ്പൂർ, ഷംസീർ എടവലം, വി.കെ.എ. കബീർ, ബാലകൃഷ്ണൻ പുല്ലങ്ങോട്, വി.കെ. മുഹമ്മദ് കുട്ടി മോൻ, റഫീഖ് കൂടത്തായി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

