കെ.എസ്.ആർ.ടി.സിയിലെ പണം വെട്ടിപ്പ്: കുറ്റക്കാരനെതിരെ നടപടിയില്ല; വനിത സൂപ്രണ്ടിന് സസ്പെൻഷൻ
text_fields
കോഴിക്കോട്: വിദ്യാർഥികളുടെ യാത്ര പാസ് ഇടപാടിൽ കെ.എസ്.ആർ.ടി.സി ടിക്കറ്റ് ഇഷ്യുവർ നടത്തിയ പണം വെട്ടിപ്പ് കേസിൽ വനിത സൂപ്രണ്ടിനെ ബലിയാടാക്കി സർക്കാർ നടപടി. കോഴിക്കോട് ഡിപ്പോയിൽ സി.ഐ.ടി.യു നേതാവ് കുറ്റക്കാരനെന്ന് ഒാഡിറ്റ് വിഭാഗം കണ്ടെത്തിയ കേസിലാണ് സൂപ്രണ്ടിനെ മാത്രം സസ്പെൻഡ് ചെയ്ത് കെ.എസ്.ആർ.ടി.സി നടപടി അവസാനിപ്പിച്ചത്.
കുറ്റക്കാരനായ റിട്ട. ടിക്കറ്റ് ഇഷ്യുവർ ഇ.പി. ലോഹിതാക്ഷൻ അന്വേഷണം പോലും നേരിടാതെ പെൻഷൻ വാങ്ങി വീട്ടിൽ വിശ്രമിക്കുകയാണ്. ഇയാൾ സർവിസിൽനിന്ന് പിരിഞ്ഞ് എട്ടുമാസം കഴിഞ്ഞാണ് ഓഡിറ്റ് വിഭാഗം വെട്ടിപ്പ് കണ്ടെത്തിയത്. സർവിസിൽനിന്ന് പിരിഞ്ഞതിനാൽ കേസ് പൊലീസിനെയോ വിജിലൻസ് വിഭാഗത്തെയോ ഏൽപിച്ചാലേ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോവൂ. അന്വേഷണത്തോട് ഇയാൾ സഹകരിക്കുന്നില്ല എന്നാണ് വകുപ്പ്തല റിപ്പോർട്ടിൽ പറയുന്നത്. കുറ്റകൃത്യം നടന്നുവെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയ കാലയളവിൽ മേൽനോട്ടം വഹിച്ച രണ്ടു സൂപ്രണ്ടുമാർക്കും അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർക്കും ഡി.ടി.ഒക്കും എതിരെ ഒരു നടപടിയും ഉണ്ടായില്ല.
ഇവരിപ്പോൾ മറ്റ് ഡിപ്പോകളിലാണ്. 2017, 18, 19 സാമ്പത്തികവർഷങ്ങളിൽ വെട്ടിപ്പ് നടന്നുവെന്നാണ് ഓഡിറ്റ് വിഭാഗത്തിെൻറ കണ്ടെത്തൽ. അതേസമയം, 2019 ആഗസ്റ്റിൽ ചുമതലയേറ്റ വനിത സൂപ്രണ്ടിനെതിരെയാണ് നടപടി ഉണ്ടായത്. ഇവർ ചുമതലയേറ്റശേഷം അധികകാലം പാസ് വിതരണം നടന്നിട്ടില്ല. കോവിഡ് കാരണം പാസ് വിതരണം നിർത്തിവെച്ചതായിരുന്നു. ഇവരുടെ കാലത്താവട്ടെ ഡിപ്പോയുടെ മൊത്തം ചുമതല ഒരു സൂപ്രണ്ടിനായിരുന്നു. നേത്തേ രണ്ടു സൂപ്രണ്ടും ഒരു എ.ഒയും ഉണ്ടായിരുന്നിടത്താണ് ഒരു സൂപ്രണ്ടിന് ഭാരം മൊത്തം നൽകിയത്. 900 ജീവനക്കാരുള്ള ഡിപ്പോയുടെ ചുമതല ഒരു സൂപ്രണ്ടിന് കൈകാര്യം ചെയ്യാനാവില്ല . ഇതൊന്നും പരിഗണിക്കാതെയാണ് തേൻറതല്ലാത്ത കാരണത്താൽ വനിത സൂപ്രണ്ട് സസ്പെൻഷനിൽ കഴിയുന്നത്.
കോളജ് വിദ്യാർഥികളുടെ യാത്ര പാസ് വിതരണം, പാസ് പുതുക്കൽ എന്നിവയുടെ ഇടപാടുകളിലാണ് ടിക്കറ്റ് ഇഷ്യൂവർ വെട്ടിപ്പ് നടത്തിയത്. പത്തു ലക്ഷത്തോളം രൂപയുടെ അഴിമതി നടന്നിരിക്കാമെന്നാണ് കണ്ടെത്തൽ. ഓഡിറ്റ് വിഭാഗത്തിെൻറ വീഴ്ചയാണ് വെട്ടിപ്പ് യഥാസമയം കണ്ടുപിടിക്കാൻ കഴിയാതിരുന്നത്. ഓഡിറ്റ് വിഭാഗം മേധാവി സർവിസിൽനിന്ന് വിരമിക്കാൻ പോവുകയാണ്. എല്ലാവരും 'കൈകഴുകി'യപ്പോൾ ഇരയായത് വനിത സൂപ്രണ്ട് മാത്രം.
കേസ് തെളിയിക്കാനാവശ്യമായ അന്വേഷണത്തിന് കെ.എസ്.ആർ.ടി.സി തയാറായില്ല. സി.ഐ.ടി.യു തൊഴിലാളി യൂനിയൻ നേതാവായ ഇ.പി. ലോഹിതാക്ഷനാണ് കുറ്റക്കാരൻ എന്ന് ചൂണ്ടിക്കാട്ടി മേഖല ഓഫിസറുടെ വിശദമായ കത്ത് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ബിജുപ്രഭാകറിന് ലഭിച്ചിരുന്നു. വെട്ടിപ്പ് നടത്തിയയാൾക്കെതിരെ ഒരു നടപടിക്കും നീക്കമുണ്ടായിട്ടില്ല. അദ്ദേഹത്തിന് പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭിച്ചുതുടങ്ങിയ ശേഷമാണ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത് നടപടി അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

