രണ്ടിടങ്ങളിൽ ലഹരി വേട്ട; എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ
text_fieldsജംഷീൽ, നസീബ്, അബ്ദുൽസലാം, അഭിജിത്ത്
കോഴിക്കോട്: പന്നിയങ്കര, ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധികളിലെ രണ്ടിടങ്ങളിൽ എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ. അരക്കിണർ ചാക്കേരിക്കാട് സ്വദേശി ചെറിയ ഒറ്റയിൽ വീട്ടിൽ ജംഷീൽ എന്ന ഇഞ്ചീൽ (38), മലപ്പുറം മൊറയൂർ സ്വദേശികളായ എടപ്പറമ്പ് ആഫിയ മൻസിലിൽ നസീബ് (21), പള്ളിയാളി വീട്ടിൽ അബ്ദുൽസലാം (21), മലപ്പുറം പാലയകൊട് സ്വദേശി മഞ്ഞളാംകുന്ന് വീട്ടിൽ അഭിജിത്ത് (20) എന്നിവരാണ് അറസ്റ്റിലായത്.
പന്നിയങ്കര സ്റ്റേഷൻ പരിധിയിലെ വട്ടക്കിണറിൽ വിൽപനക്കായി സൂക്ഷിച്ച 1.578 ഗ്രാം എം.ഡി.എം.എ സഹിതമാണ് ജംഷീൽ പിടിയിലായത്. ലഹരി മരുന്ന് വിൽപനയിലൂടെ ലഭിച്ച 2500 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിലായി വിൽപനക്കായി ലഹരി മരുന്ന് കൈവശം വെച്ചതും ഉപയോഗിച്ചതും നല്ലളത്തുനിന്ന് കടലുണ്ടി സ്വദേശിനിയുടെ രണ്ട് പവന്റെ സ്വർണമാല പിടിച്ചുപറിക്കാൻ ശ്രമിച്ചതും സേവാമന്ദിരം സ്കൂളിനു സമീപത്തുനിന്ന് വൈദ്യരങ്ങാടി സ്വദേശിനിയുടെ 1.5 പവന്റെ സ്വർണമാല പിടിച്ചു പറിച്ചുതുമടക്കം എട്ട് കേസുകൾ ഇയാളുടെ പേരിലുണ്ട്.
ഫറോക്ക് ബസ് സ്റ്റാൻഡിനു സമീപത്ത് നടന്ന വാഹന പരിശോധനയിൽ 1.280 ഗ്രാം എം.ഡി.എം.എയുമായാണ് നസീബ്, അബ്ദുൽസലാം, അഭിജിത്ത് എന്നിവരെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ സുഹൃത്ത് മഞ്ചേരി സ്വദേശി ഷഹീർ പൊലീസിനെ കണ്ട് കാറിൽ നിന്ന് ഓടി രക്ഷപ്പെട്ടു.
നൈറ്റ് പട്രോളിങ്ങിനിടെ സംശയാസ്പദമായ നിലയിൽ നിർത്തിയിട്ട കാർ പരിശോധിക്കാനെത്തിയപ്പോൾ പിൻ സീറ്റിൽനിന്ന് ഒരാൾ ഇറങ്ങി ഓടുകയായിരുന്നു. മറ്റുള്ളവരെ പരിശോധിച്ചപ്പോഴാണ് പോക്കറ്റിൽനിന്ന് എം.ഡി.എം.എ കണ്ടെടുത്തത്. ബംഗളൂരുവിൽനിന്ന് ലഹരിമരുന്ന് മൊത്തമായി കൊണ്ടുവന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പല സ്ഥലങ്ങളിലും എത്തിച്ചുകൊടുക്കുകയും ചില്ലറ വിൽപന നടത്തുകയും ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് ജംഷീലും മഞ്ചേരി സ്വദേശി ഷഹീറുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

