എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ
text_fieldsശരത്, ആകാശ്, ഷംജാദ്, രാഹുൽ
കോഴിക്കോട്: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വിൽപനക്കെത്തിച്ച 4.580 ഗ്രാം എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ. പൊക്കുന്ന് സ്വദേശികളായ പേരാച്ചിക്കുന്ന് കോരപ്പൻ കണ്ടി വീട്ടിൽ ശരത് (29), മേലേപടിഞ്ഞാത്ത് പറമ്പിൽ ആകാശ് (25), റംഷീദ് മൻസിലിൽ മുഹമ്മദ് ഷംജാദ് (25), ഗോവിന്ദപുരം സ്വദേശി തെക്കേപാലം കാർത്തിക ഹൗസിൽ രാഹുൽ (25) എന്നിവരെയാണ് നല്ലളം പൊലീസ് പിടികൂടിയത്. കഴിഞ്ഞ 31ന് രാത്രി നൈറ്റ് പെട്രോളിങ്ങിനിടെ നല്ലളം സബ് ഇൻസ്പെക്ടറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
ചെറുവണ്ണൂർ മോഡേൺ ബസാറിന് സമീപം പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട ഇന്നോവ കാറിൽ ഉണ്ടായിരുന്ന യുവാക്കൾ പൊലീസ് വാഹനം കണ്ട് പരിഭ്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനം തടഞ്ഞു നിർത്തുകയായിരുന്നു. വാഹനം പരിശോധിച്ചതിൽ ചെറിയ വെയിങ് മെഷീൻ, ദ്വാരം ഇട്ട് രണ്ടു വശത്തും കുഴൽ ഘടിപ്പിച്ച ഗ്ലാസ് ടംബ്ലർ, 56 പ്ലാസ്റ്റിക്ക് സിപ്പ് ലോക്ക് കവറുകൾ എന്നിവ പിടികൂടി.
യുവാക്കളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ച എം.ഡി.എം.എ കണ്ടെടുത്തത്. ലഹരി വിൽപനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതികൾ ആർഭാട ജീവിതം നയിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. നല്ലളം പൊലീസ് ഇൻസ്പെക്ടർ എസ്.വി. ബിജു, എസ്.ഐമാരായ ആനന്ദ്, അനു അൻജും, എസ്.സി.പി.ഒമാരായ രഞ്ജിത്ത്, സി.പി.ഒ അരവിന്ദാക്ഷൻ, ഹോം ഗാർഡ് സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

