യാത്രക്കാരുടെ ശ്രദ്ധക്ക്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കുളമായി
text_fieldsകെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനലിന്റെ രണ്ടാം നിലയിൽ വെള്ളം കെട്ടിനിൽക്കുന്നു
കോഴിക്കോട്: മഴ പെയ്തതോടെ ചോർന്നൊലിച്ച് കുളമായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്. കോംപ്ലക്സിന്റെ രണ്ടാംനിലയിൽ രണ്ട് ടെർമിനലുകൾക്കുമിടയിലായി വെള്ളം കെട്ടിനിൽക്കും. ഈ വെള്ളം തൂണുകളിലൂടെയും സ്ലാബുകൾക്കിടയിലൂടെയുള്ള വിടവിലൂടെയും ചോർന്നൊലിച്ച് ബസ് സ്റ്റാൻഡിനകത്തും താഴെ പാർക്കിങ് ഏരിയയിലും പരന്നൊലിക്കുകയാണ്.
ബസ് ട്രാക്കിൽ അടക്കം പലഭാഗങ്ങളിലും വെള്ളം കെട്ടിനിൽക്കുകയാണ്. അടിവാരം ബസുകൾ പാർക്ക് ചെയ്യുന്നതിന് പിന്നിലായി സ്റ്റാൻഡിന്റെ മധ്യഭാഗത്ത് സ്ലാബുകൾക്കിടയിലെ വിടവിലൂടെ വെള്ളം താഴേക്ക് പതിച്ച് നിലത്തെ കോൺക്രീറ്റ് വരെ ഇളകിയ അവസ്ഥയിലാണ്. ബസുകൾ നിർത്തിയിടുന്ന ഭാഗത്തും തൂണിലൂടെയും വിടവിലൂടെയും ഒലിച്ചിറങ്ങി വെള്ളം കെട്ടിനിൽക്കുന്നത് പതിവ് കാഴ്ചയാണ്.
സിമന്റ് തേച്ച് മിനുക്കിയ നിലത്ത് വെള്ളം നിറയുന്നതിനാൽ യാത്രക്കാർ വഴുതി വീഴാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, നിർമാണത്തിലെ അശാസ്ത്രീയത കാരണം മറ്റ് പല ഭാഗങ്ങളിലും ചോർന്നൊലിക്കുന്നുണ്ട്. ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചതു മുതൽ തന്നെ ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്നും ബലപ്പെടുത്തണമെന്നും മദ്രാസ് ഐ.ഐ.ടി റിപ്പോർട്ട് നൽകിയിട്ടും ബലപ്പെടുത്താനുള്ള നടപടിയായിട്ടില്ല. ബലപ്പെടുത്തുന്നതിന് ആര് പണം കണ്ടെത്തണമെന്നത് സംബന്ധിച്ച് കേസ് ഹൈകോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

