ആവേശരാവുകളെത്തുന്നു; റോഡ് ഷോകളും മത്സരങ്ങളും തുടങ്ങി
text_fieldsകോഴിക്കോട്: ഫുട്ബാൾ ലോകകപ്പിന്റെ നാളുകൾ ഉത്സവരാവുകളാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് കാൽപന്തു കമ്പത്തിന് കീർത്തികേട്ട കോഴിക്കോട്. തെരുവുകളിലും കവലകളിലും തൂക്കാനായി സഹൃദയ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ വലിയ കട്ടൗട്ടുകളും ബാനറുകളുമെല്ലാം അവസാന മിനുക്കുപണിയിലാണ്. ഇഷ്ട ടീമുകളുടെ പതാകയും ബാനറുകളും തൂക്കുന്നവരെ പാതിരാത്രി കഴിഞ്ഞും നഗരമെങ്ങും കാണാം.
ബ്രസീലും അർജന്റീനയും പോർചുഗലുമാണ് നഗരത്തിൽ കൂടുതൽ ആരാധകരുള്ള ടീമുകൾ. ഇഷ്ട ടീമുകൾക്കുള്ള റോഡ് ഷോകളും വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു. ലോകകപ്പ് ഫുട്ബാൾ ബിഗ് സ്ക്രീനിൽ കാണാനായി രൂപവത്കരിച്ച ഫുട്ബാൾ ഫാൻസ് കോട്ടൂളിയുടെ ആഭിമുഖ്യത്തിൽ അർജന്റീന ഫാൻസിന്റെ റോഡ് ഷോ സംഘടിപ്പിച്ചു.
കരിമ്പയിൽ താഴത്തുനിന്ന് ആരംഭിച്ച റോഡ് ഷോ കോട്ടൂളി സെന്ററിൽ അവസാനിച്ചു. കെ. വിജേഷ്, എൻ.പി. അഭിനവ്, എൻ.ആർ. വിപിൻ, കോട്ടൂളി ഫുട്ബാൾ ഫാൻസ് കൺവീനർ കെ.വി. പ്രമോദ് എന്നിവർ നേതൃത്വം നൽകി.
ഖത്തർ ലോകകപ്പ് വരവേൽപ്പിന്റെ ഭാഗമായി ജില്ല സ്പോർട്സ് കൗൺസിൽ നടത്തുന്ന വൺ മില്യൺ ഗോൾ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ പത്തിന് നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.
'ബ്രസീലി'നെ തകർത്ത് 'സ്പെയിൻ'
ലോകകപ്പ് ഫുട്ബാൾ ലഹരിയുടെ ചുവടുപിടിച്ച് കോഴിക്കോട് ലയോള സ്കൂളും. എട്ട് ലോക കപ്പ് ടീമുകളെ സ്കൂളിനുള്ളിൽനിന്നുതന്നെ തിരഞ്ഞെടുത്ത് സ്കൂൾ ലോകകപ്പ് നടത്തിയാണ് കാൽപന്തുകളി ആവേശത്തെ ആവാഹിച്ചത്. സ്കൂളിലെ ഫുട്ബാൾ കോച്ച് ദീപക് മുന്നോട്ടുവെച്ച ആശയത്തിന് പ്രിൻസിപ്പൽ റംലറ്റ് തോമസ് പച്ചക്കാർഡ് കാട്ടിയതോടെ മൂന്നുദിവസത്തെ 'ലോകകപ്പി'ന് വ്യാഴാഴ്ച വിസിൽ മുഴങ്ങി.
ഫിഫ ലോകകപ്പ് റിപ്പോർട്ട് ചെയ്യാൻ ഖത്തറിലേക്ക് പോകുന്ന മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ് കമാൽ വരദൂരാണ് ഉദ്ഘാടനം ചെയ്തത്. ആദ്യ മത്സരത്തിൽ 'ബ്രസീൽ' 4-2ന് 'സ്പെയിനി'നോട് പരാജയപ്പെട്ടു. 'സ്പെയിൻ' താരം അലൻ കൃഷ്ണ മത്സരത്തിലെ താരമായി. 14ന് വൈകീട്ട് മൂന്നിനാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.