എന്തിനാ... വേറെ?ഫുട്ബാളല്ലേ നമ്മുടെ ലഹരി
text_fieldsകോഴിക്കോട്: ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശമുയര്‍ത്തി ലോകകപ്പിനെ വരവേല്‍ക്കാനായി കാലിക്കറ്റ് പ്രസ് ക്ലബും വെള്ളിമാട്കുന്നിലെ ക്രസന്റ് ഫുട്‌ബാള്‍ അക്കാദമിയും ചേര്‍ന്ന് ഫുട്‌ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. വെള്ളിമാട്കുന്ന് ജെ.ഡി.ടി സ്‌റ്റേഡിയത്തില്‍ നവംബര്‍ 17, 18, 19 തീയതികളിലാണ് ഗസ് നയൻ ട്രോഫിക്കായുള്ള ടൂര്‍ണമെന്റ് നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
കാലിക്കറ്റ് പ്രസ് ക്ലബ്, ക്രസന്റ് അക്കാദമി, 'മാധ്യമം' റിക്രിയേഷന്‍ ക്ലബ്, ഗസ് നയന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് യൂനിറ്റി ക്ലബ്, ജെ.ഡി.ടി ഫുട്‌ബാള്‍ ക്ലബ്, ഇഖ്‌റ ഹോസ്പിറ്റല്‍ എന്നീ ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റ് 17ന് വൈകീട്ട് നാലിന് എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് താരങ്ങളുടെ കട്ടൗട്ട് സ്ഥാപിച്ച് ലോകശ്രദ്ധ നേടിയ പുള്ളാവൂരിലെ ബ്രസീല്‍, അര്‍ജന്റീന ഫാന്‍സ് ടീമുകള്‍ തമ്മിലുള്ള പ്രദര്‍ശന മത്സരവുമുണ്ടാകും.
ഈ ടീമുകളുടെ താരങ്ങളും ആരാധകരുമൊന്നിച്ച് ബൈക്ക് റാലി നടത്തിയാണ് മത്സരത്തിനായി ഗ്രൗണ്ടിലെത്തുക. ശനിയാഴ്ച വൈകീട്ട് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, പഴയകാല ഫുട്‌ബാള്‍ താരങ്ങള്‍, പ്രമുഖ കളിയെഴുത്തുകാര്‍ എന്നിവര്‍ വിവിധ മത്സരങ്ങളില്‍ അതിഥികളായെത്തും.
ലോകകപ്പിന്റെ ലഹരി പുതുതലമുറക്ക് പകര്‍ന്നുനല്‍കി അവരെ മയക്കുമരുന്നുപോലുള്ള ദൂഷിതവലയത്തില്‍നിന്ന് അകറ്റിനിര്‍ത്തുക എന്നതാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം. അതിനാലാണ് 'ലോകകപ്പ് തന്നെ ലഹരി' എന്ന പ്രമേയം ടൂര്‍ണമെന്റിനായി സ്വീകരിച്ചത്.
1986 മുതല്‍ വെള്ളിമാടുകുന്ന് ആസ്ഥാനമായി കുട്ടികള്‍ക്ക് ഫുട്‌ബാള്‍ പരിശീലനം നല്‍കിവരുന്ന സ്ഥാപനമാണ് ക്രസന്റ് അക്കാദമി. പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍, സെക്രട്ടറി പി.എസ്. രാകേഷ്, ക്രസന്റ് ഫുട്‌ബാള്‍ അക്കാദമി ചെയര്‍മാന്‍ പി.എം. ഫയാസ്, ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ മോഹനന്‍ പുതിയോട്ടില്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഫുട്ബാൾ ലഹരിക്കിടയിൽ മൈതാനം ഒരുങ്ങുന്നു
കോഴിക്കോട്: ലോകകപ്പ് ഫുട്ബാൾ ആരവങ്ങളുയരുന്നതിനിടെ ലോകകപ്പിലേക്ക് ഇന്ത്യന്‍ ടീമിന് വഴി തുറക്കുക എന്ന ലക്ഷ്യമിട്ട് കളിക്കാരെ വാര്‍ത്തെടുക്കുമെന്ന പ്രഖ്യാപനവുമായി കോഴിക്കോട്ട് മൈതാനം ഒരുങ്ങുന്നു. 2023 ഫെബ്രുവരിയോടെ ഈ മൈതാനത്തില്‍ പന്തുരുളും. മറഡോണയെ വാര്‍ത്തെടുത്ത അര്‍ജന്റീനോസ് ജൂനിയേഴ്‌സിന്റെ പരിശീലകരുടെ ശിക്ഷണത്തിലാവും കുട്ടികളിറങ്ങുക.
മലബാര്‍ സ്‌പോര്‍ട്‌സ് ആൻഡ് റിക്രിയേഷന്‍ ഫൗണ്ടേഷന്റെ (എം.എസ്.ആർ.എഫ്) നേതൃത്വത്തിൽ ഫുട്‌ബാള്‍ അക്കാദമിയുടെ ഭാഗമായാണ് മൈതാനം. പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലാണ് ഗ്രൗണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മൈതാനത്ത് ഉയര്‍ന്ന ഗുണനിലവാരമുള്ള ബര്‍മുഡ ഗ്രാസാണ് ഒരുക്കുക.
കളിക്കാര്‍ക്ക് പരിക്ക് പറ്റാനുള്ള സാധ്യത ബര്‍മുഡ ഗ്രാസില്‍ കുറയുമെന്നാണ് പറയുന്നത്. 30 ദിവസത്തിനകം മൈതാനത്തെ പുല്ല് പൂര്‍ണ വളര്‍ച്ചയെത്തും. വെള്ളമൊഴിയാനുള്ള സംവിധാനവും ഫെന്‍സിങ്ങുമൊക്കെ ഇതിനകം പൂര്‍ത്തിയാവും. ജനുവരിയോടെ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനാണ് എം.എസ്.ആർ.എഫ് ചെയര്‍മാനും മുന്‍ ഗോവ ചീഫ് സെക്രട്ടറിയുമായ ബി. വിജയന്റെ ശ്രമം.
അര്‍ജന്റീനിയോസ് ജൂനിയേഴ്‌സിന്റെ കോച്ചുമാർ കോഴിക്കോട്ട് താമസിച്ച് കുട്ടികളെ പരിശീലിപ്പിക്കും. 13 വയസ്സിനു താഴെയുള്ള ഫുട്‌ബാളില്‍ മികവു പുലര്‍ത്തുന്ന കുട്ടികളെയാണ് എം.എസ്.ആർ.എഫ് തിരഞ്ഞെടുക്കുക. ഫൗണ്ടേഷന്റെ കീഴില്‍ മലബാര്‍ ചലഞ്ചേഴ്‌സ് എന്ന ഫുട്‌ബാള്‍ ക്ലബും നിലവില്‍ വരും.
2031ലെ അണ്ടര്‍ 20 മത്സരത്തിലും 2034ലെ ലോകകപ്പ് ഫുട്‌ബാള്‍ മത്സരത്തിലും പങ്കെടുക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുകയും ദേശീയ ടീമില്‍ മലബാര്‍ ചലഞ്ചേഴ്‌സിന്റെ മൂന്ന് ഫുട്ബാള്‍ താരങ്ങളെയെങ്കിലും പങ്കെടുപ്പിക്കുകയുമാണ് ലക്ഷ്യം. പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടത്തില്‍ കുട്ടികളെ താമസിപ്പിച്ച് പരിശീലനം നല്‍കും. 400 കുട്ടികളെ ഉള്‍ക്കൊള്ളാവുന്ന റെസിഡന്‍ഷ്യല്‍ ഫുട്‌ബാള്‍ അക്കാദമിയാണ് എം.എസ്.ആര്‍.എഫ് ലക്ഷ്യമിടുന്നതെന്നും സംഘാടകർ പറയുന്നു.
മാലിന്യമുക്തമായി ലോകകപ്പ് ആഘോഷിക്കാം
കോഴിക്കോട്: ഫുട്‌ബാള്‍ ലോകകപ്പിന്റെ പ്രചാരണത്തിനായി ജില്ലയില്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി നിർദേശം നല്‍കി. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഫൈനല്‍ മത്സരം തീരുന്നതോടെ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ ബോര്‍ഡുകളും നീക്കം ചെയ്‌തെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കി. കോട്ടണ്‍ തുണി, പോളി എഥിലീന്‍ പോലെയുള്ള പുനഃചംക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിച്ച് മാത്രമേ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ.
സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പി.വി.സി ഫ്ലക്സുകളും നിരോധിച്ചിട്ടുള്ളതാണ്. ജൂലൈ ഒന്നുമുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും അനുബന്ധ ഉൽപന്നങ്ങളും കേന്ദ്രസര്‍ക്കാറും നിരോധിച്ചിട്ടുണ്ട്. കോട്ടൺ തുണി, പേപ്പര്‍ അധിഷ്ഠിത പ്രിന്റിങ് രീതികള്‍ക്ക് പ്രാധാന്യം നല്‍കാനും പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിങ് രീതികള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
ഹരിതച്ചട്ടം പാലിച്ച് ഫുട്‌ബാള്‍ ആഘോഷം സംഘടിപ്പിക്കുന്ന കൂട്ടായ്മകളെ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലതലത്തില്‍ ആദരിക്കും. നിരോധിത പി.വി.സി ഫ്ലക്‌സ് വസ്തുക്കള്‍ പ്രിന്റ് ചെയ്യുന്ന സ്ഥലങ്ങളില്‍ പരിശോധനയും കര്‍ശനമാക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എ.വി. അബ്ദുൽ ലത്തീഫ്, ജില്ല ശുചിത്വ മിഷന്‍ കോഓഡിനേറ്റർ കെ.എം. സുനില്‍കുമാര്‍, കെ.പി. രാധാകൃഷ്ണന്‍, സി. സനൂപ്, പ്രിന്റിങ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.