ഭക്ഷ്യസുരക്ഷാഭീഷണി: ഹോട്ടലുകൾ അടപ്പിച്ചു; നിരവധി കടകൾക്ക് നോട്ടീസ്
text_fieldsകോഴിക്കോട്: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയിൽ 34 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
ബേപ്പൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച കാന്‍റി ബേക്സ് എന്ന സ്ഥാപനം അടപ്പിച്ചു. കൊടുവള്ളി, ബാലുശ്ശേരി സൗത്ത് എന്നിവിടങ്ങളിലും പരിശോധന നടന്നു. ഏഴിടത്തുനിന്ന് സാമ്പിളുകൾ പരിശോധനക്കയച്ചു.
അതിഗുരുതരമല്ലാത്ത പിഴവ് വരുത്തിയ എട്ടു സ്ഥാപനങ്ങൾക്ക് പിഴയിട്ടു. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
കോർപറേഷൻ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ നഗരത്തിൽ പരിശോധന കർശനമാക്കി. ഹോട്ടലുകളിലും റസ്റ്റാറന്‍റുകളിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. അഞ്ചു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരു ഹോട്ടൽ പൂട്ടിച്ചു.
എരഞ്ഞിപ്പാലം, കാരപ്പറമ്പ്, ഈസ്റ്റ്ഹിൽ, വെസ്റ്റ്ഹിൽ, പുതിയങ്ങാടി, കോർപറേഷൻ ഓഫിസ് പരിസരം, സൗത്ത് ബീച്ച്, അരീക്കാട്, മോഡേൺ ബസാർ, മാങ്കാവ്, ബീച്ച് ആശുപത്രി പരിസരം എന്നിവിടങ്ങളിലായി 18 സ്ഥാപനങ്ങളിലാണ് കോർപറേഷൻ പരിശോധന നടത്തിയത്.
കാരപ്പറമ്പിലെ ക്ലോക്ക് ടവർ റസ്റ്റാറന്‍റ്, ഹോട്ട് ബൺസ്, ഈസ്റ്റ്ഹില്ലിലെ കാലിക്കറ്റ് ബേക്കേഴ്സ് ആൻഡ് കേക്ക്സ്, ബീച്ചിലെ മമ്മാസ് ആൻഡ് പപ്പാസ്, അരീക്കാട്ടെ ട്രീറ്റ് ഹോട്ട് ആൻഡ് കൂൾ എന്നിവക്കാണ് നോട്ടീസ് നൽകിയത്.
ഇതിൽ പപ്പാസ് ആൻഡ് മമ്മാസ് താൽക്കാലികമായി അടപ്പിച്ചു. കാരപ്പറമ്പ് ഹോട്ട് ബൺസ്, ബീച്ചിലെ പപ്പാസ് ആൻഡ് മമ്മാസ് എന്നിവിടങ്ങളിൽനിന്ന് 35 കിലോഗ്രാം പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മാംസം പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷണപദാർഥങ്ങളുടെ ഗുണനിലവാരം, ശുചിത്വം-മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമത, കുടിവെള്ളത്തിന്‍റെ ഗുണനിലവാരം, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകൾ എന്നിവയും പരിശോധനക്ക് വിധേയമാക്കി. വരുംദിവസങ്ങളിലും അതത് സർക്കിൾ, സോണൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ പരിശോധന നടത്തുമെന്ന് കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി അറിയിച്ചു. പരിശോധനക്ക് ഹെൽത്ത് സൂപ്പർവൈസർ പി. ഷജിൽ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.കെ. മനൂജ്, എൻ.ജെ. ഫ്രാൻസിസ്, ഡ്രൈവർ കുമാരൻ എന്നിവർ പങ്കെടുത്തു.
ഭക്ഷ്യപദാർഥങ്ങളിൽ മായമുണ്ടെന്ന് പരാതിയുള്ളവർ 18004251125, 0495 27020744 നമ്പറുകളിൽ വിളിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

