അത്തം പിറന്നു; ഓണപ്പൂ വിപണി ഉണർന്നു
text_fieldsകൊയിലാണ്ടി: അത്തപ്പൂക്കളമൊരുക്കാൻ വിപണി സജീവം. വൈവിധ്യമാർന്ന പൂക്കൾകൊണ്ട് സമ്പന്നമാണ് പൂവിപണി. കഴിഞ്ഞ രണ്ടു വർഷത്തെ പൂവിപണിയെ കോവിഡ് സാരമായി ബാധിച്ചിരുന്നു. ഇത്തവണ പതിന്മടങ്ങ് ആഹ്ലാദത്തോടെ ഓണത്തെ സ്വീകരിക്കാനൊരുങ്ങുകയാണ് നാട്. പൂക്കളങ്ങൾ അതിൽ പ്രധാനമാണ്.
ക്ലബുകളും സ്ഥാപനങ്ങളും വിദ്യാലയങ്ങളുമൊക്കെ പൂക്കളമത്സരങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ്. പൂക്കളുടെ വലിയ ശേഖരം എത്തിത്തുടങ്ങി. ഓണത്തിനുവേണ്ടി ഇതര സംസ്ഥാനങ്ങളിലെ പാടങ്ങളിൽ ഉൽപാദിപ്പിച്ചവയാണ് ഇവ. പൂവേത് വന്നാലും തൃക്കാക്കരയപ്പന് ഒരുനുള്ള് തുമ്പപ്പൂ ഒഴിച്ചുകൂടാത്തതാണ്. അത് നാട്ടിൽ നിന്നുതന്നെ സംഘടിപ്പിക്കണം. മുമ്പ് തുമ്പപ്പൂവ് സുലഭമായിരുന്നു. ഇപ്പോൾ നന്നേ കുറഞ്ഞു. പൂക്കളങ്ങളെ വർണാഭമാക്കിയിരുന്ന നാടൻപൂക്കൾ മിക്കതും അപ്രത്യക്ഷമായി. ഇതരസംസ്ഥാനങ്ങളിൽനിന്നുവരുന്ന ചെണ്ടുമല്ലി, ജമന്തി, മല്ലിക, റോസ്, അരുളി, ഡാലിയ എന്നിവ കൊണ്ടാണ് പ്രധാനമായും ഇപ്പോൾ പൂക്കളങ്ങൾ ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

