മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ തീപിടിത്തം; കെട്ടിടത്തില്‍ മാറ്റം വരുത്തിയോയെന്ന് പരിശോധിക്കണം -കലക്ടർ
text_fieldsകോഴിക്കോട്: തീപിടിത്തമുണ്ടായ കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ അനുമതിയില്ലാതെ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കാൻ ജില്ല കലക്ടർ സ്നേഹില്‍ കുമാര്‍ സിങ് അന്വേഷണ സംഘത്തിന് നിർദേശം നൽകി. കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റില്‍ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ അഗ്നിരക്ഷാ സേന, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഡ്രഗ്സ് കണ്ട്രോള്, പൊലീസ്, കോര്പറേഷൻ എന്നീ വിഭാഗങ്ങൾ കലക്ടർക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തില്‍ കടയിലെ വൈദ്യുതി സംബന്ധിച്ച വിവരങ്ങള്‍ ജില്ല കലക്ടര്‍ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറില്‍ നിന്ന് ചോദിച്ചറിഞ്ഞു. വൈദ്യുതി വിതരണം സംബന്ധിച്ച വിവരങ്ങള്‍ വൈദ്യുതി ബോര്‍ഡില്‍ നിന്ന് തേടിയിട്ടുണ്ടെന്ന് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഇത് ലഭിച്ചതിന് ശേഷം മാത്രമേ തീപിടിത്തത്തിന്റെ കാരണമെന്തെന്ന് സ്ഥിരീകരിക്കാനാവൂ.
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കാലിക്കറ്റ് ടെക്സ്റ്റൈൽസിന്റെ ഗോഡൗണിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട്. അഗ്നിബാധയേറ്റ മരുന്നുകടയിലെ മരുന്നുകളുടെ ഉപയോഗയോഗ്യത സംബന്ധിച്ച പരിശോധനകള്‍ നടന്നുവരുകയാണെന്ന് അസി. ഡ്രഗ്സ് കണ്ട്രോളര് യോഗത്തില്‍ അറിയിച്ചു. വകുപ്പുതല ഉദ്യോഗസ്ഥര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് അടുത്ത ദിവസം റിപ്പോര്‍ട്ട് നല്‍കും. യോഗത്തില്‍ ഡി.സി.പി അരുണ്‍ കെ. പവിത്രന്, ഡി.എം. ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിതകുമാരി പങ്കെടുത്തു.
അതേസമയം തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടാണോ എന്ന കാര്യത്തിൽ അന്വേഷണ സംഘം ഇതുവരെ അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ല. ദുരൂഹതാ സാധ്യത അഗ്നിരക്ഷസേന തള്ളുമ്പോൾ ഷോർട്ട് സർക്യൂട്ട് സാധ്യത ഇലക്ട്രിസിറ്റി വിഭാഗം സ്ഥിരീകരിക്കുന്നില്ല. ഷോർട്ട് സർക്യൂട്ടാണെങ്കിൽ മീറ്റർ ബോർഡുകൾക്ക് കേടുപാട് സംഭവിക്കും. എന്നാൽ, അതുണ്ടായിട്ടില്ലെന്നും ഇലക്ട്രിസിറ്റി വിഭാഗം പറയുന്നു. അതേസമയം, കാലിക്കറ്റ് ടെക്സ്റ്റൈൽസ് ഉടമയും മുൻ പാർട്ണറും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിന് സംഭവുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വൈദ്യുതി പുനഃസ്ഥാപനം: ഇന്ന് സംയുക്ത പരിശോധന
തീപിടിത്തമുണ്ടായതിനെത്തുടർന്ന് വൈദ്യുതിബന്ധം പൂർണമായും വിച്ഛേദിച്ച കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ അഗ്നിബാധയേൽക്കാത്ത നിലകളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഇലക്ട്രിസിറ്റി എൻജിനീയർമാരും കോർപറേഷൻ ഇലക്ട്രിസിറ്റി വിഭാഗവും ബുധനാഴ്ച സംയുക്ത പരിശോധന നടത്തും.
തീപിടിത്തമുണ്ടായ കട്ടിടത്തിൽ മീറ്റർ ബോർഡുകളൊന്നും കത്തിയിട്ടില്ലെന്ന് കെ.എസ്.ഇ.ബി അസി. എൻജിനീയർ അറിയിച്ചു. വിശദമായ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയതിന് ശേഷമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയുള്ളൂ. തീപിടിത്തമുണ്ടായ പടിഞ്ഞാറ് ഭാഗത്തെ കടകളെല്ലാം പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. മറ്റ് ഭാഗങ്ങളിലെ കടകൾ തുറന്നെങ്കിലും ഇവിടെ വൈദ്യുതിയില്ല. ചില കടകൾ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ചൊവ്വാഴ്ച തുറന്നത്.
പഴയ കെട്ടിടങ്ങളിലും ഫയർ ഓഡിറ്റിങ് നടത്തണം -മുഖ്യമന്ത്രി
കോഴിക്കോട്: പഴയ കെട്ടിടങ്ങളിലും ഫയർ ഓഡിറ്റിങ് നടത്തണമെന്ന് മുഖ്യമന്ത്രി. പഴയ കെട്ടിടങ്ങൾക്ക് ഫയർ ഓഡിറ്റിങ് നടക്കുന്നില്ല. ഇവയിൽ പരിശോധന ആവശ്യമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണം. കലക്ടറുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിനിടെ ബസ് സ്റ്റാൻഡ് തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

