തീ വിഴുങ്ങിയ നഗരം; കനലടങ്ങാതെ മനുഷ്യരും
text_fieldsകോഴിക്കോട്: കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ തീപിടിത്തത്തിൽ വലഞ്ഞ് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികൾ. തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ താഴെ നിലയിൽ പ്രവർത്തിക്കുന്ന അമ്പതോളം കടകൾ തിങ്കളാഴ്ചയും അടഞ്ഞുകിടക്കുന്നു. തീ ഉയർന്ന ഞായറാഴ്ച വൈകീട്ടോടെതന്നെ ഒഴിപ്പിച്ചിരുന്നു.
വിവിധ വകുപ്പുകളുടെ പരിശോധന നടക്കുന്നതിനാല്‍ തിങ്കളാഴ്ചയും കടകൾ തുറക്കാൻ അനുവദിച്ചില്ല. കൂൾബാറുകൾ, ലോട്ടറി വിൽപന കേന്ദ്രങ്ങൾ, ചെരുപ്പ് വസ്ത്ര കടകൾ, സ്റ്റേഷനറി, ദേശാഭിമാനി ബുക്ക് ഹൗസ് തുടങ്ങിയവയാണ് അടച്ചിട്ടത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ വൈദ്യുതി വിതരണമുണ്ടായിരുന്നില്ല. എന്നാൽ, ലോട്ടറി കച്ചവടക്കാർക്ക് സ്റ്റോക്ക് എടുക്കാൻ പൊലീസ് അനുമതി നൽകി. 12 ഓടെ വ്യാപാരികൾ സ്റ്റോക്ക് മാറ്റി. കെട്ടിടത്തിലെ ബസ് ബേ ഭാഗത്തെ കടകള്‍ തുറന്നിരുന്നു.
കടകള്‍ അടച്ചിട്ടാലും കോര്പറേഷന് വാടക കുറക്കില്ലെന്നും വൈദ്യുതി ഉള്‍പ്പെടെ പുനഃസ്ഥാപിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും വ്യാപാരി എം. ഫിറോസ് ഖാന് പറഞ്ഞു. വൈദ്യുതി പുനഃസ്ഥാപിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
മരുന്നുകൾ ഉപയോഗശൂന്യമായി
ഞായറാഴ്ച തീപിടിത്തമുണ്ടായ മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിച്ച ഫാർമസികളിലെ മരുന്നുകൾ ഉപയോഗ ശൂന്യമായെന്ന് ഡ്രഗ് കൺട്രോൾ വിഭാഗം.
പി.ആർ.സി മെഡിക്കൽസിലെ 75 ശതമാനം മരുന്നുകളും ഉപയോഗ ശൂന്യമാണെന്ന് ഡ്രഗ് ഇൻസ്പെക്ടർ സി.വി. നൗഫൽ പറഞ്ഞു. താപനില കൂടുന്നതും കുറയുന്നതും മരുന്നുകളുടെ രാസപ്രവർത്തനത്തിൽ മാറ്റമുണ്ടാക്കും. തീപിടിത്തത്തിലെ കനത്ത ചൂടും തീയണക്കാന്‍ വെള്ളം ചീറ്റിയതിനാലും മരുന്നുകളിൽ പലതും നശിച്ചിട്ടുണ്ട്. ബാക്കിയുള്ളവയും ഉപയോഗിക്കാൻ പറ്റില്ല.
ആ മരുന്നുകള്‍ സംസ്ഥാന സര്‍ക്കാറിന്റെ എന്‍ പ്രൗഡിലോ മറ്റ് അംഗീകൃത മരുന്ന് കമ്പനികള്‍ക്കോ നല്കി സംസ്കരിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങി ഡ്രഗ് കൺട്രോൾ വിഭാഗത്തിന് സമര്‍പ്പിക്കണം. കെട്ടിടത്തിലുണ്ടായിരുന്ന നന്ദനം മെഡിക്കൽസില്നിന്നുള്ള മരുന്നുകളുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. പരിശോധനക്കുശേഷം ഇവ ഉപയോഗയോഗ്യമാണോയെന്ന് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

