'അനാസ്ഥയുടെ ഉത്തരവാദി കോർപറേഷൻ അധികൃതർ'
text_fieldsകോഴിക്കോട്: ആളപായമൊന്നുമില്ലെങ്കിലും മാലിന്യ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി ആയിരക്കണക്കിനാളുകൾക്ക് ഒരു പകൽ മുഴുവൻ വിഷപ്പുക ശ്വസിക്കേണ്ടിവന്നതിന്റെ ഉത്തരവാദികൾ കോർപറേഷൻ അധികൃതരെന്ന് പരാതി. നേരത്തേ നല്ലരീതിയിൽ പ്രവർത്തിച്ച അജൈവ മാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടിയെങ്കിലും ഇവിടെനിന്ന് മാലിന്യം കൊണ്ടുപോകാൻ കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസിയെ വേണ്ടതരത്തിൽ നിയന്ത്രിക്കാത്തതാണ് ഇത്ര വലിയ ദുരിതം സൃഷ്ടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
നഗരറോഡിൽനിന്നുള്ള മാലിന്യം ഇവിടെ എത്തിക്കുന്നതിനനുസരിച്ച് ഇവിടെനിന്ന് ഇവ സമയബന്ധിതമായി നീക്കംചെയ്യാൻ കോർപറേഷൻ അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് സമീപത്തെ ശാന്തിനഗർ കോളനി നിവാസി ഗോപു പറഞ്ഞു.
റോഡരികിൽനിന്ന് കോർപറേഷൻ ശുചീകരണ തൊഴിലാളികൾ ശേഖരിക്കുന്ന പത്തും 15ഉം ലോഡ് മാലിന്യം ദിവസവും ഇവിടേക്ക് എത്തുമ്പോൾ ഇവിടെനിന്ന് ഒന്നോ രണ്ടോ ലോഡ് മാത്രമാണ് ഓരോ ദിവസവും കയറ്റി അയക്കുന്നത്. ഇതോടെ മാലിന്യം കുന്നുകൂടി നടപ്പാതയിലേക്കും റോഡിലേക്കും വരെ പരന്നു. മാത്രമല്ല ഇത്രയും മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് അഗ്നിസുരക്ഷയുമായി ബന്ധപ്പെട്ട വേണ്ടത്ര സംവിധാനങ്ങളൊന്നും ഒരുക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം റോഡിലെ മാലിന്യം ഇവിടെയെത്തിക്കുന്ന ചുമതല കോർപറേഷനും മാലിന്യം ഇവിടെനിന്ന് കൊണ്ടുപോകേണ്ട ഉത്തരവാദിത്തം കരാർ ഏറ്റെടുത്ത കോന്നാരി ഏജൻസിക്കുമാണെന്നായിരുന്നു കോർപറേഷൻ സെക്രട്ടറി കെ.യു. ബിനിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

