തീ കെടുത്താൻ കൈമെയ് മറന്ന്
text_fieldsതീപിടിത്തം അണക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും
കോഴിക്കോട്: നഗരത്തെ മണിക്കൂറുകളോളം മുൾമുനയിലാക്കിയ മാലിന്യകേന്ദ്രത്തിലെ തീ കെടുത്തിയത് കൈമെയ് മറന്നുള്ള രക്ഷാപ്രവർത്തനത്തിൽ. പുക ഉയരുന്നുവെന്ന വിവരം ലഭിച്ചതോടെ ബീച്ച് അഗ്നിരക്ഷാസേന യൂനിറ്റാണ് ആദ്യം സ്ഥലത്തേക്ക് കുതിച്ചെത്തിയത്. വൻ തീപിടിത്തമെന്ന് വ്യക്തമായതോടെ മീഞ്ചന്ത, വെള്ളിമാട്കുന്ന്, കൊയിലാണ്ടി, നരിക്കുനി, പേരാമ്പ്ര, മുക്കം സ്റ്റേഷനുകളിൽനിന്നായി പിന്നീട് വാട്ടർ ബൗസർ, ഫോംടെണ്ടർ, മൊബൈൽ ടാങ്ക് അടക്കമുള്ള 12 യൂനിറ്റുകൾ കൂടിയെത്തി.
വെള്ളം തീരുന്നമുറക്ക് അതിവേഗത്തിലാണ് അഗ്നിരക്ഷാസേന മാനാഞ്ചിറയിൽനിന്ന് വീണ്ടും വെള്ളമെത്തിച്ചത്. രക്ഷാകവചമണിഞ്ഞ് ജീവൻപോലും പണയംവെച്ച് ഫയർ എക്സറ്റിങ്ഗ്യൂഷർ അടക്കമുള്ള സംവിധാനങ്ങളോടെ സേനാംഗങ്ങൾ പ്ലാന്റിനുള്ളിൽ പ്രവേശിച്ചും ദൗത്യത്തിൽ മുന്നിൽനിന്നു. 13 യൂനിറ്റുകളിലായി 80 സേനാംഗങ്ങളാണ് ദൗത്യത്തിൽ പങ്കാളിയായതെന്ന് ജില്ല അഗ്നിരക്ഷാ ഒാഫിസർ കെ.എം. അഷ്റഫ് അലി പറഞ്ഞു.
സിറ്റി പൊലീസിന്റെ വിവിധ സ്റ്റേഷനുകളിൽനിന്നും എ.ആർ ക്യാമ്പിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റോഡിലെ ഗതാഗതമടക്കം നിയന്ത്രിച്ചു. മാത്രമല്ല തീ അണക്കുന്നതിലും പങ്കാളികളായി. പൊലീസ് ദൗത്യത്തിന് ഡി.സി.പി കെ.യു. ബൈജു നേതൃത്വം നൽകി.
കമാന്റിങ് ഓഫിസർ കേണൽ നവീൻ ബെൻജിത്തിന്റെ നേതൃത്വത്തിൽ എൺപതോളം പട്ടാളക്കാരും സന്നാഹങ്ങളുമായി രക്ഷാദൗത്യത്തിൽ പങ്കുചേർന്നു. വിവിധ സേനകൾക്കൊപ്പം വാർഡ് കൗൺസിലർ എം.കെ. മഹേഷിന്റെ നേതൃത്വത്തിൽ നാട്ടുകാരും രംഗത്തിറങ്ങിയതോടെ ഒരേസമയം നൂറുകണക്കിനാളുകളുടെ കൈമെയ് മറന്നുള്ള പ്രവർത്തനമായി.
മാത്രമല്ല, സേനാംഗങ്ങൾക്ക് കുടിവെള്ളമടക്കമുള്ളവ എത്തിക്കാനും മറ്റുസഹായങ്ങൾ നൽകാനും നാട്ടുകാർ സജീവമായി നിലകൊണ്ടു. എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ്, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. ജയശ്രീ, റീജനൽ അഗ്നിരക്ഷാ ഓഫിസർ ടി. രജീഷ് അടക്കമുള്ളവരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

