വീർപ്പുമുട്ടി അത്യാഹിത വിഭാഗം; ചലനമറ്റ് പി.എം.എസ്.എസ്.വൈ ബ്ലോക്ക്
text_fieldsകോഴിക്കോട്: തുടർച്ചയായി രണ്ടുതവണ തീയും പുകയും ഉയർന്നതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിൽനിന്ന് രോഗികളെ പൂർണമായും ഒഴിപ്പിച്ചതിനെത്തുടർന്ന് അത്യാഹിത വിഭാഗം പഴയ കെട്ടിടത്തിൽ വീർപ്പുമുട്ടുന്നു. നിന്നുതിരിയാൻ ഇടമില്ലാത്തവിധം തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കൊടും ചൂടിനെ പ്രതിരോധിക്കാൻ ശീതീകരണ സംവിധാനമോ ആവശ്യത്തിന് ഫാനോ ഇല്ലെന്നതും രോഗികളെയും ചികിത്സിക്കുന്ന ഡോക്ടർമാരെയും നഴ്സുമാർ അടക്കമുള്ള ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്നു.
പഴയ കെട്ടിടത്തിലെ സ്ഥലപരിമിതിയിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ രോഗികളാണ് അത്യാഹിത വിഭാഗത്തിൽ എത്തുന്നത്. സ്ഥലപരിമിതി ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഓപറേഷൻ തിയറ്ററിലേക്ക് പോകുന്ന ഇടനാഴിയുടെ ഒരു മൂലയിൽനിന്നാണ് രോഗികളുടെ രക്തം പരിശോധിക്കാനെടുക്കുന്നത്.
വീൽച്ചെയറിലും ട്രോളിയിലും രോഗികളെ നീക്കിക്കൊണ്ടുപോകാൻ പോലും കഴിയാത്ത വിധം തിരക്കാണ് അനുഭവപ്പെടുന്നതെന്ന് കൂട്ടിരിപ്പുകാരും വളന്റിയർമാരും സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, പി.എം.എസ്.എസ്.വൈ കെട്ടിടത്തിലെ ഉപകരണങ്ങളിൽ നല്ലൊരു ഭാഗം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതിനാൽ ആശുപത്രിയുടെ വാർഡുകളിൽവരെ വീർപ്പുമുട്ട് അനുഭവപ്പെടുന്നുണ്ട്.
അതേസമയം, രോഗികളെ പൂർണമായും ഒഴിപ്പിച്ച പി.എം.എസ്.എസ്.വൈ ബ്ലോക്ക് ആളും അനക്കവുമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. വിവിധ ഏജൻസികൾ അന്വേഷിക്കുന്നതല്ലാതെ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾ മന്ദഗതിയിലാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിൽ തീയും പുകയും ഉയർന്ന സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കാണ് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക. പി.എം.എസ്.എസ്.വൈ അത്യാഹിത വിഭാഗത്തിൽ എം.ആർ.ഐ യു.പി.എസ് റൂമിൽ ബാറ്ററി പൊട്ടിത്തെറിച്ച് തീയും പുകയും ഉയർന്നതും നാലാംദിവസം കെട്ടിടത്തിന്റെ ആറാം നിലയിൽ ഓപറേഷൻ തിയറ്ററിൽ പെന്റന്റിന് തീപിടിച്ചതുമാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അന്വേഷിക്കുന്നത്.
ആര് മുൻകൈയെടുക്കും?
പൊതുമരാമത്ത് മന്ത്രിക്കും പ്രതികരണമില്ല
കോഴിക്കോട്: തിടുക്കപ്പെട്ട് രോഗികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിനിടെ വീണ്ടും തീയും പുകയും ഉയർന്നതോടെ കൈപൊള്ളിയ അവസ്ഥയിലാണ് മെഡിക്കൽ കോളജ് അധികൃതർ. എല്ലാവിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കി സർട്ടിഫിക്കറ്റ് ലഭിക്കാതെ പി.എം.എസ്.എസ്.വൈ ബ്ലോക്കിലേക്ക് അത്യാഹിത വിഭാഗം പുനഃസ്ഥാപിക്കേണ്ടതില്ലെന്നാണ് ഡോക്ടർമാരുടെ തീരുമാനം.
രണ്ടാമത്തെ തീപിടിത്തമുണ്ടായ ഉടൻ ഉത്തരവാദിത്തം മുഴുവൻ ആശുപത്രി അധികൃതർക്കുമേൽ ചാർത്തി മന്ത്രിയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും കൈയൊഴിഞ്ഞതോടെ ഇനി റിസ്ക് ഏറ്റെടുക്കാൻ ആരും തയാറാവില്ലെന്ന് വിവിധ വകുപ്പു മേധാവിമാർ വ്യക്തമാക്കുന്നു. മൂന്നു ദിവസത്തിനകം സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ആദ്യ തീപിടിത്തം ഉണ്ടായ ഉടൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
ഉന്നതതല യോഗത്തിൽ വിവിധ വകുപ്പുകൾക്ക് ഇതിനുള്ള നിർദേശവും നൽകിയിരുന്നു. എന്നാൽ, വീണ്ടും തീപിടിത്തം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ കോളജ് പ്രിൻസിപ്പലിനോടും ആശുപത്രി സൂപ്രണ്ടിനോടും വിശദീകരണം തേടിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
തനിക്കൊന്നും പറയാനില്ലെന്നും വിവിധ വകുപ്പുകളുടെ അന്വേഷണം നടക്കുകയാണെന്നുമാണ് ഇതുസംബന്ധിച്ച് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കുന്നത്. അത്യാഹിത വിഭാഗത്തിലെ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നും ആരോഗ്യ വകുപ്പ് പറയുമെന്നുമായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണം. ഉത്തരവാദപ്പെട്ടവർ ഒഴിഞ്ഞുമാറിയാൽ ആശുപത്രിയെ പൂർണ നിലയിലാക്കാൻ ആര് മുന്നിട്ടിറങ്ങുമെന്ന ചോദ്യം അവശേഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

