11 കോടി ചെലവിൽ പുതിയാപ്പ ഹാര്‍ബറിൽ ഫിംഗര്‍ ജെട്ടിയൊരുങ്ങി
text_fieldsപുതിയാപ്പ ഹാർബറിൽ നിർമിച്ച ഫിംഗർ ജെട്ടിയും മറ്റു വികസനങ്ങളും കാണാൻ
മന്ത്രി എ.കെ. ശശീന്ദ്രൻ എത്തിയപ്പോൾ
കോഴിക്കോട്: പുതിയാപ്പ ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നമായ ഫിംഗര്‍ ജെട്ടിയും ലോക്കര്‍ റൂം സൗകര്യവും യാഥാർഥ്യമായി. കൂടുതല്‍ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെയും ഹാര്‍ബര്‍ വികസിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഫിംഗര്‍ ജെട്ടി, ചുറ്റുമതില്‍, ലോക്കര്‍ മുറികള്‍ എന്നിവ സജ്ജമാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ ഫിംഗര്‍ ജെട്ടി സ്ഥാപിക്കുന്നത്.
മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായി അടുപ്പിക്കുന്നതിന് ആര്.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.01 കോടിയോളം രൂപ ചെലവിലാണ് ഫിംഗര്‍ ജെട്ടി നിർമിച്ചത്. തെക്കേ പുലിമുട്ടില്‍ നിന്നും 100 മീറ്റര്‍ നീളത്തിലും 8.45 മീറ്റര്‍ വീതിയിലുമുള്ള രണ്ട് ഫിംഗര്‍ ജെട്ടികളാണ് പൂര്‍ത്തീകരിച്ചത്. കൈവിരല്‍ ആകൃതിയില്‍ കടൽപാലം മാതൃകയിലാണ് പുതിയ ജെട്ടികള്‍. ഇവ തമ്മില്‍ 100 മീറ്റര്‍ അകലം ഉള്ളതിനാല്‍ ഇരുവശങ്ങളിലും 300 ഓളം ബോട്ടുകള്‍ സുഗമമായി അടുപ്പിക്കാന്‍ സാധിക്കും. ഇത് 3000 ത്തിലധികം മത്സ്യത്തൊഴിലാളികള്‍ക്ക് ഉപകാരപ്രദമാവും. ജെട്ടിയിലേക്കുള്ള 300 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡും ശുദ്ധജല വിതരണ സംവിധാനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരിച്ചതോടെ തിരക്ക് പൂര്‍ണമായും ഒഴിവാക്കി കൂടുതല്‍ ബോട്ടുകള്‍ സുരക്ഷിതമായും സൗകര്യത്തോടെയും ഹാര്‍ബറില്‍ എത്താം.
തീരദേശത്തിന്റെയും ഹാര്‍ബറുകളുടെയും സുരക്ഷ മുന്‍നിര്‍ത്തി ചുറ്റുമതിലും ലോക്കര്‍ മുറികളും നിർമിച്ചിട്ടുണ്ട്. ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് നിലവില്‍ 10 ലോക്കര്‍ മുറികളാണുണ്ടായിരുന്നത്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.25 കോടി രൂപ ചെലവില്‍ 27 ലോക്കര്‍ മുറികളും 1520 മീറ്റര്‍ നീളമുള്ള ചുറ്റുമതിലുമാണിപ്പോള് നിർമിച്ചത്. ലോക്കര്‍ മുറികളിലേക്കും പടിഞ്ഞാറെ പുലിമുട്ടിലേക്കും ഗതാഗതത്തിനായി 95 ലക്ഷം രൂപ ചെലവഴിച്ച് പുതിയ റോഡും ഹാര്‍ബര്‍ വികസനത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കി. ഫിംഗര്‍ ജെട്ടിയും ലോക്കര്‍ മുറികളും വ്യാഴാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. പുതുതായി നിർമിച്ച ഫിംഗര്‍ ജെട്ടിയും മറ്റു വികസന പ്രവര്‍ത്തനങ്ങളും ഹാര്‍ബറിന്റെ മുന്നേറ്റത്തിന് മുതല്‍ക്കൂട്ടാവുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

