നികുതി പിരിവിന്റെ മറവിൽ കോർപറേഷനിൽ സാമ്പത്തിക തട്ടിപ്പ്
text_fieldsകോഴിക്കോട്: കെട്ടിട നമ്പർ തട്ടിപ്പിനു പിന്നാലെ കോർപറേഷൻ ഓഫിസിലെ റവന്യൂ വിഭാഗത്തിൽ ക്രമക്കേടും സാമ്പത്തിക തട്ടിപ്പും. ബിൽ കലക്ടർമാർ മാന്വലായി നികുതി പിരിച്ച് നൽകുന്ന രസീതിലെ തുകയിൽ കൃത്രിമം നടത്തിയാണ് സാമ്പത്തിക തട്ടിപ്പ്. രണ്ട് താൽക്കാലിക ജീവനക്കാർ നടത്തിയ തട്ടിപ്പ് പുറത്തുവന്നതോടെ സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിതയും ഡെപ്യൂട്ടി ലീഡർ കെ. മൊയ്തീൻ കോയയും തദ്ദേശ വകുപ്പ് റീജനൽ ജോയന്റ് ഡയറക്ടർക്ക് പരാതി നൽകി.
നികുതി പിരിക്കുമ്പോൾ കെട്ടിട ഉടമക്ക് നൽകുന്ന സംഖ്യയല്ല ഓഫിസിൽ പിന്നീട് എൻട്രി ചെയ്യുന്നത് എന്നാണ് പരാതി. രണ്ടിന്റെയും ക്രോസ് പരിശോധന നടക്കുന്നില്ല. കക്ഷികളോട് പണം ഈടാക്കുന്ന ബിൽ കലക്ടർ തന്നെയാണ് പിന്നീട് നേരിട്ട് പോസ്റ്റ് ചെയ്യുന്നത്.
ഡിമാൻഡും കലക്ഷനും ഒത്തുനോക്കുന്നില്ല. രസീത് മാത്രമാണ് പരിശോധിക്കുന്നത്. പല വാർഡുകളിലും ബിൽ കലക്ടർമാർ ദിനംപ്രതി പോസ്റ്റിങ് നടത്തുന്നില്ലെന്നും പരാതിയുണ്ട്. 1140 രൂപ നികുതി വസൂലാക്കിയയാൾക്ക് ഇത്രയും തുക രേഖപ്പെടുത്തി രസീത് നൽകിയെങ്കിലും നഗരസഭ ഓഫിസിലെ രേഖയിൽ ഇത് 114 രൂപയെന്നാണ് രേഖപ്പെടുത്തിയത്. ഈ ഒറ്റ രസീതിൽ മാത്രം 1026 രൂപയാണ് വെട്ടിച്ചത്.
താൽക്കാലികമായി നിയമിതരായവർക്കുപോലും രേഖകളിൽ പോസ്റ്റിങ് നടത്താൻ അധികാരം നൽകിയിരുന്നു. ഇത്തരം സൗകര്യം ലഭിച്ചവരിൽ ചിലരാണ് കൃത്രിമം നടത്തിയതെന്നാണ് നിലവിലെ കണ്ടെത്തൽ. ലക്ഷങ്ങളുടെ തിരിമറി നടന്നതായാണ് സംശയമെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
റവന്യൂ വിഭാഗത്തിന്റെ സാമ്പത്തിക ഇടപാടിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന കോർപറേഷൻ സെക്രട്ടറി നോക്കുകുത്തിയാണ്. കൃത്രിമം നടക്കുന്നതായി ദിവസങ്ങൾക്കുമുമ്പ് വിവരം ലഭിച്ചിട്ടും മൂടിവെക്കാനാണ് ശ്രമിച്ചത്. റവന്യൂ വിഭാഗത്തിൽ ഗൗരവമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നികുതിയടച്ച പലരുടെയും ഫയലുകൾ ഓഫിസിൽ കാണുന്നില്ലെന്ന് നേരത്തേ തന്നെ പരാതിയുണ്ട്. ഈ സാഹചര്യത്തിൽ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും പരാതിയിൽ പറയുന്നു.
ഒമ്പതു നികുതി രസീതുകളിൽ 5000 രൂപയുടെ ക്രമക്കേട് കണ്ടെത്തി
കോഴിക്കോട്: നികുതി പിരിവുമായി ബന്ധപ്പെട്ട ഒമ്പതു രസീതുകളിലായി 5000 രൂപയുടെ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയതായി കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി പറഞ്ഞു. ഇതിൽ എട്ടെണ്ണം തൊഴിൽ നികുതിയുടേതും ഒന്ന് സ്വത്ത് നികുതിയുടേതുമാണ്. നേരത്തേയുണ്ടായിരുന്ന താൽക്കാലിക ജീവനക്കാരായ അമ്പിളി, റഷീദ എന്നിവർ നികുതി പിരിച്ച രസീതുകളിലാണ് ക്രമക്കേട് കണ്ടത്.
ഇവർ കഴിഞ്ഞ മാർച്ചോടെ ജോലിയിൽ നിന്നൊഴിവായിട്ടുണ്ട്. നിലവിൽ സ്ഥിരം ജീവനക്കാർ മാത്രമാണ് നികുതി പിരിക്കുന്നത്. കൂടുതൽ ക്രമക്കേടുകൾ നടന്നോ എന്ന് പരിശോധിച്ചുവരുകയാണ്. നികുതി രസീതുകൾ പരിശോധിക്കും. ഇതിനായി സ്ക്വാഡിലെ സൂപ്രണ്ട് മഞ്ജുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ പറയാനാവൂ. ബോധ്യമായ ക്രമക്കേടുകൾ പരിശോധിച്ചശേഷം പൊലീസിൽ പരാതി നൽകുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.