കളി ഖത്തറിൽ; കരള് കത്തിയത് കോഴിക്കോട്ട്
text_fieldsകോഴിക്കോട്: 'കളി ഖത്തറിൽ ആവേശം ഇവിടെ' എന്ന വലിയ ബോർഡിനുതാഴെ പുതിയപാലത്ത് ഒന്നിലധികം സ്ഥലങ്ങളിലുയർന്ന താൽക്കാലിക സ്റ്റേഡിയങ്ങളിൽ ആവേശം കത്തിക്കയറി. നൈനാംവളപ്പിലും കല്ലുത്താൻകടവിലും ഫറോക്കിലുമെല്ലാം ആരാധകരുടെ ആർപ്പും കമന്റുകളുമൊക്കെ കേട്ട് ബ്രസീലും അർജന്റീനയും എതിരാളികളോട് ഏറ്റുമുട്ടുന്നത് കാണാൻ ആയിരക്കണക്കിന് കളിക്കമ്പക്കാർ ഒത്തുകൂടി.
ലോകകപ്പ് ക്വാർട്ടറിൽ ആദ്യം ബ്രസീലും ക്രൊയേഷ്യയും പിന്നെ അർജന്റീനയും നെതർലൻഡ്സും രാത്രി ഏറ്റുമുട്ടുന്നതുതന്നെയായിരുന്നു നഗരം മുഴുവൻ വെള്ളിയാഴ്ച രാവിലെ മുതൽ ചർച്ച. വലിയങ്ങാടിയിലും മിഠായിതെരുവിലും കുറ്റിച്ചിറയിലും വെള്ളയിലും വെള്ളിമാട്കുന്നിലുമെല്ലാം രാത്രി വരാനിരിക്കുന്ന കളിയുടെ ആവേശമായിരുന്നു മുഖ്യ സംസാരവിഷയം. പുതിയപാലത്തും മാങ്കാവിലും കൊമ്മേരിയിലും കല്ലുത്താൻ കടവിലുമൊക്കെയായി ചെറിയ മേഖലയിൽ മാത്രം അഞ്ച് ബിഗ് സ്ക്രീൻ ഫുട്ബാൾ പ്രദർശനമാണ് നടക്കുന്നത്.
ഇവിടെയെല്ലാം കളികാണാൻ ജനമൊഴുകി. കവലകളിൽ കൂടുതൽ ആകാശനീലയും ഇളം മഞ്ഞയും കൊടികളും ബോർഡുകളും പുതുതായുയർന്നു. ക്രൊയേഷ്യ, ഡച്ച് കൊടികളും ലാറ്റിനമേരിക്കൻ ടീമുകളുടെയത്ര ഇല്ലെങ്കിലും അവിടവിടെ കാണാമായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വാക്പോരുകളും ട്രോളുകളും നിറഞ്ഞു. എട്ടുമണിയോടെ നഗരം കളികാണാൻ സ്ക്രീനുകൾക്കു മുന്നിലേക്ക് ഒതുങ്ങി.
പാരമ്പര്യ എതിരാളികൾ തോൽക്കണമെന്നാണ് ബ്രസീലിന്റെയും അർജന്റീനയുടെയും ആരാധകർ സാധാരണ പരസ്പരം ആഗ്രഹിക്കാറെങ്കിൽ വെള്ളിയാഴ്ച കളിക്കമ്പക്കാർ അധികവും ഏറെ ആഗ്രഹിച്ചത് രണ്ട് ടീമുകളുടെയും വിജയമായിരുന്നു. വിജയിച്ചെത്തി സെമിയിൽ കാനറികളും ആകാശനീലക്കാരും തമ്മിലുള്ള സ്വപ്നപോരാട്ടമാണ് എല്ലാ കളിക്കമ്പക്കാരും കാത്തിരുന്നത്. 'നേരിട്ട് വരൂ, കാണിച്ചു തരാം' എന്നായിരുന്നു ആരാധകരുടെ വെല്ലുവിളികൾ. ആരാധകരുടെ കുത്തൊഴുക്ക് പ്രതീക്ഷിച്ച് കല്ലുത്താൻകടവിലെ പുതിയ പച്ചക്കറി മാർക്കറ്റ് സൈറ്റിനടുത്തുള്ള സ്റ്റേഡിയത്തിലടക്കം കൂടുതൽ സൗകര്യങ്ങൾ ഒരുക്കി.
കല്ലുത്താൻ കടവിൽ സ്റ്റേഡിയത്തിനു പുറത്ത് പ്രൊജക്ടർവെച്ച് അധിക സൗകര്യം ഏർപ്പെടുത്തേണ്ടിവന്നെന്ന് മുഖ്യ സംഘാടകരിലൊരാളായ പുതിയപാലം ഫാസ്കോയുടെ അബ്ദുൽ മനാഫ് പറഞ്ഞു. നൈനാംവളപ്പിൽ ഭിന്നശേഷിക്കാർക്കുവരെ കളികാണാൻ സൗകര്യം ഏർപ്പെടുത്തേണ്ടിവന്നതായി മുഖ്യ സംഘാടകരായ നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷന്റെ സുബൈർ നൈനാംവളപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.