ജലമേള: ബേപ്പൂരും ചാലിയവും സമ്പൂർണ സുരക്ഷ വലയത്തിൽ
text_fieldsഫറോക്ക്: ബേപ്പൂർ അന്താരാഷ്ട്ര ജലമേളയുടെ ഭാഗമായി വൻ സുരക്ഷ സന്നാഹങ്ങൾ. മേള ആരംഭിക്കുന്ന 24 മുതൽ 28 വരെ ബേപ്പൂർ, ചാലിയം പരിസരങ്ങൾ പൂർണമായും പൊലീസ് സുരക്ഷാവലയത്തിലാകും. ഇതിനായി 460 പൊലീസുകാരുടെയും അനുബന്ധ വിഭാഗങ്ങളുടെയും സേവനം ലഭ്യമാക്കും.
തിരിച്ചറിയൽ രേഖയോടുകൂടിയ 180 സന്നദ്ധ സേവകരും രംഗത്തുണ്ടാകും. മേൽനോട്ടത്തിനായി ഫറോക്ക്, ട്രാഫിക് അസി. കമീഷണർമാർ, ആറ് ഇൻസ്പെക്ടർമാർ, 25 എസ്.ഐമാർ എന്നിവരുമുണ്ടാകുമെന്ന് മേള സുരക്ഷ വിഭാഗം കൺവീനർ അസി. കമീഷണർ എ.എം. സിദ്ദീഖ് അറിയിച്ചു.
മുഖ്യ വേദിയായ ബേപ്പൂർ മറീന, രണ്ടാമത് കേന്ദ്രമായ ചാലിയം പുലിമുട്ട് തീരം എന്നിവയുടെ അഞ്ചു കിലോമീറ്ററിലേറെ നീളുന്ന മേഖലകളിലെ എല്ലാ കേന്ദ്രങ്ങളെയും കൂട്ടിയിണക്കി 45 വയർലസ് പോയന്റുകളുണ്ടാകും. ഇതുവഴി നിമിഷങ്ങൾക്കകം സന്ദേശങ്ങൾ കൈമാറാനാകും. 30 കേന്ദ്രങ്ങളിൽ സി.സി.ടി.വി കാമറകളും സ്ഥാപിക്കും. മറീനയിൽ രണ്ടെണ്ണവും ചാലിയത്ത് ഒന്നും പൊലീസ് നിരീക്ഷണ കേന്ദ്രങ്ങളുണ്ടാകും (വാച്ച് ടവർ).
ഇതിനുപുറമേ ബോംബ്, ഡോഗ് സ്ക്വാഡുകൾ, മെന്റൽ ഡിറ്റക്റ്റർ പരിശോധന സംവിധാനം എന്നിവക്കൊപ്പം മഫ്തി പൊലീസും വനിത വിഭാഗവും പട്രോളിങ്ങിനുണ്ടാകും. അതി സുരക്ഷ മേഖലയായ തീരത്തും തുറമുഖം, ജങ്കാർ എന്നിവിടങ്ങളിലും പ്രത്യേക സുരക്ഷ ഏർപ്പെടുത്തും.
കടലിലും ചാലിയാറിലും മുഴുവൻ സമയവും സുരക്ഷ സംവിധാനങ്ങളുണ്ടാകും. ഇതിനായി കോസ്റ്റൽ പൊലീസും ഫയർഫോഴ്സുമുണ്ടാകും. ജനത്തിരക്ക് കണക്കിലെടുത്ത് ഫെസ്റ്റ് ദിവസങ്ങളിൽ ജങ്കാർ സർവിസ് പകൽ ഒന്നിന് ശേഷം വാഹനങ്ങൾ ഒഴിവാക്കി യാത്രക്കാർക്ക് മാത്രമാക്കി പരിമിതപ്പെടുത്താൻ നിർദേശിച്ചു.
ജങ്കാറിൽ ലൈഫ് ജാക്കറ്റുകളും ബോയകളുമുൾപ്പെടെ മതിയായ സുരക്ഷ സംവിധാനങ്ങൾ തുറമുഖ വിഭാഗം ഉറപ്പാക്കും. തുറമുഖത്ത് കപ്പൽ കാണാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ പ്രവേശനം വൈകീട്ട് നാലു വരെയാക്കി പരിമിതപ്പെടുത്താനും ടോക്കൺ ഏർപ്പെടുത്താനും തീരുമാനിച്ചു. ഫയർഫോഴ്സും മൂന്ന് യൂനിറ്റ് ആംബുലൻസും സർവ് സജ്ജമായി നിലയുറപ്പിക്കും.
മുഴുവൻ സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും പൂർണ സഹകരണത്തോടെയാണ് സുരക്ഷ സംവിധാനങ്ങൾ നടപ്പാക്കുന്നതെന്ന് അസി. കമീഷണർ പറഞ്ഞു.
ഗതാഗതം സുഗമമാക്കാൻ സംവിധാനം
ഫറോക്ക്: ജലമേളയോടനുബന്ധിച്ച് വാഹനത്തിരക്ക് നിയന്ത്രിച്ച് ഗതാഗതം കുറ്റമറ്റ രീതിയിലാക്കാൻ സംവിധാനം. 24 മുതൽ 28 വരെ ഫെസ്റ്റ് ദിവസങ്ങളിൽ രാത്രി പരിപാടികൾ അവസാനിക്കുംവരെയും എല്ലാ ഭാഗത്തും റോഡ് ഗതാഗതം സുഗമമാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മേള സുരക്ഷ കമ്മിറ്റി അറിയിച്ചു.
ഫറോക്ക് പഴയപാലം, പുതിയ പാലം, ചുങ്കം, പേട്ട, ചെറുവണ്ണൂർ, ബി.സി റോഡ്, ചീർപ്പ് പാലം, മീഞ്ചന്ത, വട്ടക്കിണർ, മാത്തോട്ടം, അരക്കിണർ, മാറാട്, ചാലിയം എന്നീ ഭാഗങ്ങളെ പ്രത്യേക മേഖലകളായി തിരിച്ച് വയർലസ് സഹായത്തോടെ ഗതാഗതം നിയന്ത്രിക്കും. ഇതിനായി വിപുലമായ വയർലസ് ശൃംഖല ഒരുക്കുന്നുണ്ട്.
ബി.സി റോഡുവഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ ബേപ്പൂരിൽനിന്നും ചെറുവണ്ണൂർ വഴി തിരിച്ചുപോകുന്ന വാഹനങ്ങൾ മധുര ബസാറിൽ നിന്നും മലബാർ മറീന വഴി മല്ലിക തിയറ്ററിന് സമീപമെത്തുന്ന റോഡിലൂടെ തിരിച്ചുവിടും.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ബി.സി റോഡ് മിനി സ്റ്റേഡിയം, ഷാജി തിയറ്ററിന് സമീപം സ്വകാര്യ സ്ഥലം, ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, കയർ ഫാക്ടറി, ബേപ്പൂർ തുറമുഖ കോവിലകം, സിൽക്ക് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സൗകര്യമൊരുക്കി. ചാലിയത്ത് വനം വകുപ്പ് ടിമ്പർ ഡിപ്പോ സ്ഥലവും വാഹനങ്ങൾക്കായി സജ്ജമാക്കി.