ഫറോക്ക്: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി പിടിയിൽ. കണ്ണൂർ തലശ്ശേരി തിരുവങ്ങാട് സ്വദേശി അണിയാൻ കൊല്ലത്ത് സിദ്ദീഖിനെയാണ് (56) പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശിയായ ഇയാളെ പയ്യന്നൂരിൽെവച്ചാണ് പൊലീസ് പിടികൂടിയത്. കേരളത്തിൽ 240 കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
പുതിയ പാലത്തിന് സമീപത്തുള്ള മമ്മിളി കടവ് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിെൻറ ഭണ്ഡാരം കുത്തിത്തുറന്ന് ഇരുപതിനായിരത്തോളം രൂപയാണ് പ്രതി മോഷ്ടിച്ചത്. ആഗസ്റ്റ് 19ന് പുലർച്ച ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് രണ്ട് സ്റ്റീൽ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്.
ഉടനെതന്നെ പൊലീസിനെയും ഭാരവാഹികളെയും അറിയിക്കുകയായിരുന്നു. ഈ ക്ഷേത്രത്തിൽ നാലു വർഷത്തിനിടെ അഞ്ചു തവണയാണ് മോഷണം നടന്നത്. ഇതിൽ രണ്ടു തവണ ക്ഷേത്രം ഭാരവാഹികൾ മോഷ്ടാവിനെ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. ക്ഷേത്രത്തിൽ മോഷണം തുടർക്കഥയായതോടെ ക്ഷേത്ര ഭാരവാഹികൾ സി.സി.ടി.വി സ്ഥാപിച്ചിരുന്നു. മോഷണവും കാമറയിൽ പതിഞ്ഞിരുന്നു. ഒരാൾതന്നെയാണ് രണ്ട് ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ചത്. ക്ഷേത്രത്തിന് സമീപത്തെ നടുമരത്തിൽ വത്സെൻറ ബൈക്കും അന്ന് മോഷണം പോയിരുന്നു. ഈ ബൈക്ക് പിന്നീട് ചെറുവണ്ണൂർ ജങ്ഷനിലെ സി.സി കോംപ്ലക്സിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നല്ലളം എസ്.ഐ എം.കെ. രഞ്ജിത്തിെൻറ നേതൃത്വത്തിൽ പ്രതിയെ ക്ഷേത്രത്തിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.