ഫറോക്ക്: നിറയെ കരിങ്കല്ലുമായി സഞ്ചരിക്കുന്നതിനിടയിൽ ടോറസ് ലോറിയിൽനിന്ന് കൂറ്റൻ കരിങ്കല്ല് തിരക്കേറിയ ദേശീയപാതയിൽ പതിച്ചു. ഫറോക്ക് പൊലീസ് സ്റ്റേഷന് സമീപത്തെ പുതിയ പാലം ജങ്ഷനിൽ ശനിയാഴ്ച വൈകീട്ട് 4.30 നാണ് സംഭവം. ടോറസ് ലോറിയിൽ ബോഡി െലവലും കവിഞ്ഞ് കരിങ്കല്ല് കുത്തിനിറച്ച നിലയിലാണ്. അമിതവേഗതയിൽ കൊടിയ വളവിൽ ലോറി ഒടിച്ചെടുക്കുന്നതിനിടയിലാണ് ഭീമൻ കരിങ്കല്ല് റോഡിൽ വീണത്.
കല്ല് വീണതറിയാതെ നിർത്താതെപോയ ലോറിയെ നാട്ടുകാർ പിറകെ സഞ്ചരിച്ച് ചെറുവണ്ണൂരിൽ വെച്ചാണ് തടഞ്ഞത്. പൊലീസെത്തി ലോറി കസ്റ്റഡിയിലെടുത്തു. തിരക്കേറിയ ചന്തക്കടവ് ജംഗ്ഷന് സമീപത്താണ് കല്ല് വീണത്. ബൈക്ക് യാത്രക്കാരടക്കം ഒട്ടേറെ വാഹനയാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
പൊലീസ് ലോറിയിലെ കരിങ്കല്ലിെൻറ ഭാരം തൂക്കിനോക്കിയപ്പോൾ 45 ടണ്ണിലധികമുണ്ടായിരുന്നു. നിയമാനുസൃതം 28 ടൺ മുതൽ 31 വരെയാണ് കൊണ്ടുപോകാനുള്ള അനുവാദമെന്ന് ഫറോക്ക് സി.ഐ. കെ. കൃഷ്ണൻ പറഞ്ഞു. അധികം കയറ്റിയ 15 ടണ്ണിന് 37,000 രൂപ പിഴ ഈടാക്കി. ബേപ്പൂർ ഹാർബറിലേക്കാണ് കരിങ്കല്ല് കൊണ്ടുപോകുന്നത്.