ഫറോക്ക്: ചെറുവണ്ണൂരിൽ ചെരിപ്പ് കമ്പനിയിൽ വൻ തീപിടിത്തം. ചെറുവണ്ണൂർ സ്റ്റിൽ കോംപ്ലക്സിനു സമീപം വി.കെ.സി ഗ്രൂപ്പിലെ എ.വി. സുനിൽ നാഥിെൻറ വിനയൽ ടെക്നോളജിസ് പ്രൈവറ്റ് ലിമിറ്റിഡ് ചെരിപ്പ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്.
50 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായത്. സമീപത്തെ ട്രാൻസ്ഫോർമറിൽ വൻ ശബ്ദം ഉണ്ടാവുകയുംതുടർന്ന് കമ്പനിയിലേക്കുള്ള പ്രധാന വയർ കത്തിയാണ് തീപിടിത്തം ഉണ്ടായതെന്ന് കരുതുന്നു. ചെരിപ്പ് നിർമാണത്തിനുപയോഗിക്കുന്ന യന്ത്രങ്ങൾക്ക് കേടുപാടു സംഭവിക്കുകയും അസംസ്കൃത വസ്തുക്കളും മറ്റും കത്തി നശിക്കുകയും ചെയ്തു. കമ്പനിയിൽ സ്റ്റോക്ക് ചെയ്ത റക്സിനാണ് കൂടുതലും കത്തിനശിച്ചത്. കൂടാതെ, കമ്പനിയുടെ പല ഭാഗവും ഉരുകിയ നിലയിലാണ്.
മീഞ്ചന്ത ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ റോബി വർഗീസിന്റെ നേതൃത്വത്തിെല മൂന്ന് ഫയർ യൂനിറ്റ് ഒരു മണിക്കൂറിലധികം പ്രയത്നിച്ചാണ് തീയണച്ചത്.അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ വി.കെ. ബിജു, റിജനൽ ഫയർ ഓഫിസർ ടി. രജിഷ് എന്നിവരടങ്ങിയ സംഘവും തീയണക്കുന്നതിന് നേതൃത്വം നൽകി.
നല്ലളം എസ്.ഐ എം.കെ. രഞ്ജിത്തിന്റെ നേതൃത്വത്തിലെ പൊലീസ് സംഘവും തീപിടിത്തം നടന്ന കമ്പനിയിലെത്തി. കഴിഞ്ഞ ദിവസമാണ് ചെറുവണ്ണൂർ കൊളത്തറയിലെ മാർക്ക് ചെരിപ്പ് നിർമാണ കമ്പനി കത്തിനശിച്ചത്. അഞ്ചര കോടിയുടെ നഷ്ടമാണുണ്ടായത്.