ചെറുവണ്ണൂർ മേൽപാലം: ബി.സി റോഡ്-കൊളത്തറ റോഡ് തുറന്നു; യാത്രക്കാർക്ക് ആശ്വാസം
text_fieldsചെറുവണ്ണൂർ ബി.സി റോഡ്-കൊളത്തറ റോഡ് തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായി മിനുക്കുപണി നടത്തുന്നു
ഫറോക്ക്: ചെറുവണ്ണൂർ മേൽപാലത്തിന്റെ പ്രധാന ഭാഗമായ ചെറുവണ്ണൂർ ബി.സി റോഡ്-കൊളത്തറ റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു. ഈ ഭാഗങ്ങളിലെ ആറു ഗർഡറുകൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിച്ചതിനു ശേഷമാണ് ബുധനാഴ്ച വൈകീട്ടോടെ ഗതാഗതത്തിന് തുറന്നുകൊടുത്തത്. അതീവ സുരക്ഷാ പ്രാധാന്യത്തോടെയായിരുന്നു ഇവിടെ ഗർഡറുകൾ സ്ഥാപിച്ചത്. മൊത്തം എട്ടു ഗർഡറുകൾ സ്ഥാപിച്ചു. അതേസമയം, പഴയ ദേശീയപാത തുറക്കാൻ ശനിയാഴ്ച രാത്രി വരെ കാത്തിരിക്കേണ്ടി വരും.
ഒരു തൂണിൽ ആറു ഗർഡറുകൾ വീതം മൊത്തം 84 എണ്ണമാണ് ഘടിപ്പിക്കുന്നത്. ഇതിൽ 42 ഗർഡറുകൾ ആദ്യഘട്ടത്തിൽ തന്നെ സ്ഥാപിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന രണ്ടാം ഘട്ടത്തിൽ 18ഉം അടുത്ത ഘട്ടത്തിൽ 24 എണ്ണവും സ്ഥാപിക്കും. കേരള റോഡ് ഫണ്ട് ബോർഡിൽ നിന്ന് 89 കോടി ചെലവഴിച്ചു നിർമിക്കുന്ന മേൽപാലത്തിന് 700 മീറ്റർ നീളവും നാലുവരിപാതക്ക് അനുയോജ്യമായി 24 മീറ്റർ വീതിയുമുണ്ടാകും.
അതേ സമയം, അതി നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപെടുത്തി ഞൊടിയിടയിൽ ഗർഡറുകൾ സ്ഥാപിക്കാൻ കഴിയുമെന്നിരിക്കേ പഴഞ്ചൻ വിദ്യകൾ ഉപയോഗപെടുത്തുന്ന കരാർ കമ്പനിക്കെതിരെ ജനരോഷം ഉയരുന്നു. തിരക്കേറിയ റോഡിൽ ആയിരക്കണക്കിനു യാത്രക്കാരെ വലച്ചുകൊണ്ട് നിർമാണ പ്രവൃത്തി നടത്തുന്ന കരാർ കമ്പനിക്കുവേണ്ടി ബന്ധപ്പെട്ടവർ വഴിവിട്ട സഹായം നൽകുന്നുണ്ടെന്നുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

