ബേപ്പൂരിനെ ടൂറിസ്റ്റ് കേന്ദ്രമാക്കും -മന്ത്രി
text_fieldsനവീകരിച്ച കീഴ്കോട്-മുക്കത്തക്കടവ് റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
ഫറോക്ക്: ബേപ്പൂർ നിയോജക മണ്ഡലത്തെ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് എൽ.ഡി.എഫ് സർക്കാറെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നവീകരിച്ച കടലുണ്ടി കീഴ്കോട്- മുക്കത്തക്കടവ് റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം മാപ്പിലേക്ക് കയറാൻ ബേപ്പൂർ മണ്ഡലത്തിന് സാധ്യതയേറെയാണ്. കടലുണ്ടി, ചാലിയം, ബേപ്പൂർ ഭാഗങ്ങളിലെ തോടുകളും, പുഴകളും ഇതിനൊരു ഉദാഹരണം മാത്രം. മണ്ഡലത്തിലെ മുഴുവൻ റോഡുകളും നവീകരിക്കാനുള്ള പദ്ധതി നടപ്പാക്കും.
മണ്ണൂർ വളവ് - മുക്കത്ത് കടവ് റോഡ് നവീകരിക്കാൻ സർക്കാർ നാലുകോടി നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഹാർബർ എൻജിനീയറിങ് വകുപ്പ് 87 ലക്ഷം ചെലവഴിച്ചാണ് റോഡ് നിർമിച്ചത്. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, സി.കെ. ശിവദാസൻ, ബിന്ദു പച്ചാട്ട്, മുരളി മുണ്ടെങ്ങാട്ട്, ടി. സുഷമ എന്നിവർ സംസാരിച്ചു.