കോഴിക്കോട്: 90 കിലോമീറ്റർ ദൂരം 15 മണിക്കൂർ കൊണ്ട് ഓടിത്തീർത്ത് ഫറോക്ക് പേട്ട സ്വദേശി നസീഫ്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന കോമറേഡ്സ് സെൻറിനറി ഹോപ് ചലഞ്ചിലാണ് നസീഫ് പങ്കെടുത്തത്. മാരത്തണിൽ ഫറോക്കിലാണ് നസീഫ് ഓടിയത്. മൊബൈലിൽ ആപ് ഡൗൺലോഡ് ചെയ്ത് ലിങ്ക് അധികൃതർക്ക് അയച്ചുകൊടുത്താൽ സംഘാടകർക്ക് ഓട്ടക്കാരെ നിരീക്ഷിക്കാനാകും. ഇങ്ങനെയാണ് ദൂരവും സമയവും കണക്കാക്കുന്നത്.
ജൂൺ 13നായിരുന്നു മാരത്തൺ. ലോക്ഡൗൺ സമയമായതിനാൽ പ്രത്യേക അനുമതി നേടിയാണ് ഓടിയതെന്ന് നസീഫ് പറഞ്ഞു. രാത്രി 12 മുതൽ പിറ്റേ ദിവസം ഉച്ചക്ക് മൂന്നുവരെ നിർത്താതെ ഓടിയാണ് മാരത്തൺ പൂർത്തിയാക്കിയത്.
അഞ്ചു വർഷമായി ദുബൈയിലാണ് നസീഫ്. അവിടെ ചെന്ന ശേഷമാണ് ഓട്ടത്തിലും സ്പോർട്സ് ഇനങ്ങളിലും താൽപര്യം ജനിച്ചത്. അവിടെ പല മാരത്തണിലും പങ്കെടുത്തിട്ടുണ്ട്. തെൻറ സുഹൃത്തുക്കളിൽനിന്നാണ് ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന മാരത്തണിനെ കുറിച്ച് അറിഞ്ഞത്.
വെർച്വൽ മത്സരമായതിനാൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് നസീഫ് പറഞ്ഞു. ഒന്നരമാസം പരിശീലനം നടത്തിയാണ് മത്സരത്തിൽ പങ്കെടുത്തത്. ഇനി കസാഖ്സ്താനിൽ നടക്കുന്ന അയൺ മാൻ എന്ന ഇവൻറിൽ പങ്കെടുക്കാൻ പോകുന്നുണ്ട്. അതിൽ നീന്തൽ, സൈക്ലിങ്, 42 കിലോമീറ്റർ മാരത്തൺ എന്നിവ പൂർത്തിയാക്കണം. അതിനുള്ള തയാറെടുപ്പിലാണ് നസീഫ്.