പേവിഷ ഭീതി; ജാഗ്രത നിർദേശം
text_fieldsകോഴിക്കോട്: ഇടവേളക്കുശേഷം ജില്ലയിൽ വീണ്ടും പേവിഷ ഭീതി. വിവിധ ഭാഗങ്ങളിലെ നിരവധി പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ തെരുവ് നായ്ക്കളുടെയും ഭ്രാന്തൻ കുറുക്കന്‍റെയും കടിയേറ്റത്. നഗരത്തിൽ രണ്ടാഴ്ചക്കിടെ 20പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. കിഴക്കേ നടക്കാവിൽ മാത്രം വയോധികനുൾപ്പെടെ 14 പേരാണ് കടിയേറ്റ് ചികിത്സതേടിയത്. ഞായറാഴ്ച നന്മണ്ടയിൽ അഞ്ചോളം പേർക്ക് ഭ്രാന്തൻ കുറുക്കന്‍റെയും കടിയേറ്റു. നായ്ക്കളുടെ വന്ധ്യകരണം കോർപറേഷൻ പരിധിയിലടക്കം പുരോഗമിക്കുന്നതിനിടെയാണ് വിവിധ മേഖലകളിൽ ഇവ പെറ്റുപെരുകി ഭീഷണി ഉയർത്തുന്നത്. നഗരത്തോട് ചേർന്നുള്ള ഗ്രാമപഞ്ചായത്തുകളിലും തെരുവ്നായ് ഭീതി രൂക്ഷമാണ്. സമീപ തദ്ദേശ സ്ഥാപനങ്ങളിലെ നായ്ക്കളുടെ വന്ധ്യകരണവും കോർപറേഷന്‍റെ എ.ബി.സി സെന്‍റർ ഏറ്റെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു.
കോഴിക്കോട് കോടതി പരിസരം, ബീച്ച്, മാവൂർ റോഡ്, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം നായ് ശല്യം രൂക്ഷമാണ്. രോഗലക്ഷണം പ്രകടമായാൽ മരണം ഉറപ്പായ പകർച്ച വ്യാധിയായതിനാൽ പേ വിഷബാധ അഥവാ റാബീസിനെതിരെ എല്ലാവരും അതികരുതലും ജാഗ്രതയും പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ഉമ്മർ ഫാറൂഖ് അറിയിച്ചു. ചെറിയ അശ്രദ്ധപോലും ദാരുണമായ മരണത്തിന് കാരണമായേക്കും.
പ്രഥമ ശുശ്രൂഷ പ്രധാനം
കോഴിക്കോട്: മൃഗങ്ങളിൽ നിന്നും കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്യുന്ന സാഹചര്യത്തിൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ പ്രധാനമാണ്. ആദ്യം മുറിവേറ്റ ഭാഗം ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കണം. മുറിവില്‍ നിന്ന് ഉമിനീരിന്‍റെ അംശം പൂർണമായും നീക്കിയ ശേഷം മുറിവിൽ സോപ്പ് പതപ്പിച്ച് വീണ്ടും 15 മിനിറ്റ് സമയമെടുത്ത് കഴുകി വൃത്തിയാക്കണം. റാബീസ് വൈറസിന്‍റെ പുറത്തുള്ള ലിപിഡ് തന്മാത്രകൾ ചേര്‍ന്ന ഇരട്ട സ്ഥരത്തെ അലിയിപ്പിച്ച് കളഞ്ഞ് വൈറസിനെ നിര്‍വീര്യമാക്കാൻ സോപ്പിന് കഴിയും.
പേവിഷബാധക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് തിരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറൽ ആശുപത്രി, ജില്ല ആശുപത്രി, ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ നിന്നെല്ലാം സൗജന്യമായി ലഭിക്കും.