പരസ്യ ബോർഡുകൾക്കായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഫാനുകൾ എടുത്തുമാറ്റി
text_fieldsകെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഫാനുകൾ എടുത്തുമാറ്റി സ്ഥാപിച്ച പരസ്യ ബോർഡുകൾ
കോഴിക്കോട്: രാത്രികാലങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് വരണം. പവർ കട്ടുള്ള സമയമാണ് ഏറ്റവും അനുയോജ്യം. പൊതുവെ ഈ ബസ് സ്റ്റാൻഡിൽ കുറച്ചുനേരം നിന്നാൽ തന്നെ ചൂട് കൊണ്ട് പൊരിയും. യാത്രക്കാർക്ക് ആശ്വാസമേകാനായി ബസ് കാത്തിരിക്കുന്ന സ്ഥലത്തെ പില്ലറിനു മുകളിൽ ഫാനുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഈ ഫാനുകളൊക്കെ എടുത്തുമാറ്റി പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കയാണ്. ഫാനില്ലാത്തത് കാരണം യാത്രക്കാർ ഇരിക്കുന്നിടത്ത് കാറ്റ് എത്തുന്നേയില്ല. ബസുകളുടെ പുകശല്യവും ചൂടും കൂടിയിട്ടുണ്ട്. ഫാനുകൾ ഉള്ളപ്പോൾ പുകശല്യത്തിനും ആശ്വാസമായിരുന്നു.
18 ഓളം ഫാനുകൾ ഉണ്ടായിരുന്നതു മുഴുവൻ മാറ്റി. ഓരോ മാസവും പരസ്യബോർഡുകൾ മാറ്റിക്കൊണ്ടിരിക്കും. വലിയ തുക കമീഷൻ വാങ്ങിയാണ് സ്വകാര്യ ഏജൻസികൾ ഇവിടെ പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കറന്റുള്ള സമയങ്ങളിൽ പരസ്യബോർഡുകളുള്ളതു കൊണ്ട് വെളിച്ചം കിട്ടുമെങ്കിലും പവർകട്ടുള്ള സമയത്ത് ഇവിടം മുഴുവൻ ഇരുട്ടായിരിക്കും. രാത്രി വൈകുവോളം സ്ത്രീകളടക്കം നിരവധി യാത്രക്കാർക്ക് വലിയ സുരക്ഷ ഭീഷണി സൃഷ്ടിക്കുന്നുണ്ട് ഇത്. മാത്രമല്ല, വെളിച്ചമില്ലാത്തതിനാൽ കള്ളൻമാർക്ക് സ്വൈരമായി വിഹരിക്കാം. നിത്യേനയെന്നോണം മാലപൊട്ടിക്കലും പതിവാണിവിടെ.
കഴിഞ്ഞ ദിവസം രാത്രി രണ്ടു തവണയാണ് വൈദ്യുതി തടസ്സമുണ്ടായത്. സ്വകാര്യ ബസുകൾ രാത്രി ഒമ്പതോടെ സർവിസുകൾ അവസാനിപ്പിക്കുന്ന സാഹചര്യമായതിനാൽ ആളുകളുടെ അവസാന ആശ്രയം കെ.എസ്.ആർ.ടി.സി ബസുകളാണ്. പ്രിയദർശിനി സർവിസ് തുടങ്ങിയതോടെ സ്ത്രീ യാത്രക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. അതേസമയം, കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാന ബസ് സ്റ്റാൻഡുകളിലും ടെർമിനലുകളിലും പരസ്യങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുള്ളതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, പരസ്യങ്ങളിലൂടെ കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നത് തുഛമായ വരുമാനമാണ്. യഥാർഥ മാർക്കറ്റ് വാല്യൂ അനുസരിച്ച് വരുമാനം ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

