കുടുംബവഴക്ക്; ഒരാൾക്ക് വെട്ടേറ്റു
text_fieldsrepresentational image
ചെക്യാട്: മഞ്ഞപ്പള്ളിയിൽ യുവാവിന് വെട്ടേറ്റു. കുടുംബവഴക്കിനെ തുടർന്ന് മഞ്ഞപ്പള്ളി നെല്ലിക്കാപ്പറമ്പിലെ പൂത്തോളികുനിയിൽ സുരേന്ദ്രനാണ് (48) വെട്ടേറ്റത്. തിങ്കളാഴ്ച ഉച്ച പന്ത്രണ്ടരയോടെ വീടിന് സമീപത്തുവെച്ചാണ് സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുരേന്ദ്രനെ സഹോദരന്റെ മകളുടെ ഭർത്താവ് ശ്യാമപ്രസാദ് വാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്ന് സുരേന്ദ്രൻ പൊലീസിന് മൊഴിനൽകി. പുറത്ത് വെട്ടേറ്റ രണ്ട് മുറിവുകൾ ഉണ്ട്.
നാദാപുരം ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സതേടിയശേഷം വിദഗ്ധ ചികിത്സക്കായി തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളയം പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സുരേന്ദ്രന്റെ സഹോദരന്റെ മകന്റെ വിവാഹമായിരുന്നു ഞായറാഴ്ച. രാത്രി ഗാനമേളക്കിടയിൽ സഹോദരന്റെ മകളുടെ ഭർത്താവ് ശ്യാമപ്രസാദും സുരേന്ദ്രനുമായി വാക്കുതർക്കവും കൈയാങ്കളിയും ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്ന് സംശയിക്കുന്നതായി വളയം പൊലീസ് പറഞ്ഞു.

