വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസ് ‘ആവിയാകുന്നു’
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ വലിയ കോളിളക്കം സൃഷ്ടിച്ച വ്യാജ കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട കേസ് ‘ആവിയാകുന്നു’. കേസ് രജിസ്റ്റർ ചെയ്ത് ഒരുവർഷമായിട്ടും മുഖ്യപ്രതിയെ കണ്ടെത്തി അറസ്റ്റുചെയ്യാനോ കുറ്റപത്രം നൽകാനോ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. അന്വേഷണം അനന്തമായി നീളുന്നതിൽ വിവിധ കോണുകളിൽനിന്ന് വിമർശനവും ഉയരാൻ തുടങ്ങി.
നേരത്തേ യു.ഡി.എഫ് അതിശക്തമായ സമരം നടത്തിയപ്പോൾ അന്വേഷണം മുന്നോട്ടുപോയെങ്കിലും ഒരുഘട്ടം കഴിഞ്ഞപ്പോൾ പൊലീസ് ഇരുട്ടിൽ തപ്പുന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. വടകരയിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെയും എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെയും പ്രചാരണം കൊടുമ്പിരിക്കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് വ്യാജ സ്ക്രീൻ ഷോട്ട് പ്രത്യക്ഷപ്പെടുന്നത്.
തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തീരുന്ന 2024 ഏപ്രിൽ 25ന് കെ.കെ. ശൈലജയെ കാഫിറായി ചിത്രീകരിച്ച് എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ പേരിലാണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിച്ചത്. പെട്ടെന്നുതന്നെ ഇത് സമൂഹമാധ്യമങ്ങളിലാകെ നിറയുകയും എൽ.ഡി.എഫും യു.ഡി.എഫും ഇതിനെ ചൊല്ലി പരസ്പരം കൊമ്പുകോർക്കുകയുമായിരുന്നു.
മുസ്ലിം ലീഗാണ് സ്ക്രീൻ ഷോട്ടിന് പിന്നിലെന്ന് ആരോപിച്ച് സി.പി.എം രംഗത്തുവന്നതോടെ വിവാദം കൂടുതൽ ആളിക്കത്തി. ആരോപണം നേരിട്ട മുഹമ്മദ് കാസിംതന്നെ നേരിട്ട് വടകര പൊലീസ് സ്റ്റേഷനിലെത്തി തന്റെ മൊബൈൽ ഫോൺ കൈമാറുകയും കേസെടുത്ത് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു.
പൊലീസ് അന്വേഷണത്തിൽ ഈ ഫോണിൽനിന്നല്ല സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതെന്നും ഇടത് സൈബർ ഗ്രൂപ്പുകളിലാണ് സ്ക്രീൻഷോട്ട് ആദ്യം എത്തിയതെന്നും വ്യക്തമായി. ഇതോടെ വിവാദം കേരളമാകെ ആളിക്കത്തി. ഇതിനിടെ മുഹമ്മദ് കാസിം ഹരജി നൽകിയതോടെ ഹൈകോടതി പൊലീസിനോട് കേസിന്റെ അന്വേഷണ റിപ്പോർട്ടും ആവശ്യപ്പെട്ടു. വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്.
ഏപ്രിൽ 25ന് ഉച്ചക്ക് 2.13ന് റെഡ് എൻകൗണ്ടർ വാട്സ്ആപ് ഗ്രൂപ്പിലാണ് സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. 2.34ന് റെഡ് ബറ്റാലിയൻ വാട്സ്ആപ് ഗ്രൂപ്പിലും സ്ക്രീൻഷോട്ട് വന്നു. അന്ന് വൈകീട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ അഡ്മിൻ മനീഷ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു.
രാത്രി 8.23ന് പോരാളി ഷാജി ഫേസ്ബുക്ക് പേജിലും സ്ക്രീൻഷോട്ട് വന്നു. അഡ്മിൻ അബ്ബാസാണ് പോരാളി ഷാജി പേജിൽ പോസ്റ്റ് ചെയ്തത്. സി.പി.എം അനുകൂലമാല സൈബർ ഗ്രൂപ്പിന്റെ അഡ്മിന്മാരെ ചോദ്യം ചെയ്തപ്പോഴാണ് ഡി.വൈ.എഫ്.ഐ നേതാവും അധ്യാപകനുമായ റിബേഷിന്റെ ഫോണിൽനിന്നാണ് സ്ക്രീൻഷോട്ട് ആദ്യമായി ലഭിച്ചതെന്ന് പൊലീസിന് വ്യക്തമായത്.
എന്നാൽ, ഇതാരാണ് നിർമിച്ചതെന്ന് കണ്ടെത്താൻ ഫോണുകൾ ഫോറൻസിക് പരിശോധനക്ക് അയച്ചെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. മെറ്റയിൽനിന്ന് വിവരങ്ങൾ ലഭിക്കാത്തതും തുടരന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നും പൊലീസ് റിപ്പോർട്ട് നൽകി.
കേസുമായി ബന്ധപ്പെട്ട് റിബേഷിനെതിരെ വിദ്യാഭ്യാസ വകുപ്പ് വകുപ്പുതല അന്വേഷണം നടത്തിയെങ്കിലും തുടർനടപടികൾ പിന്നീട് മരവിപ്പിച്ചു. വ്യാജ സ്ക്രീൻഷോട്ട് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക ഫേസ്ബുക്കിൽ പങ്കുവെച്ചതും വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

