ഫൈജാസിന്റെ മരണം നാടിന് തേങ്ങലായി
text_fieldsകൊയിലാണ്ടി വളപ്പ് പുറങ്കര കടൽതീരത്ത് യുവാവിനെ
കാണാതായതിനെ തുടർന്നെത്തിയ ജനക്കൂട്ടം
വടകര: കൊയിലാണ്ടി വളപ്പ് പുറങ്കര കടലിൽ മീൻപിടിക്കുന്നതിനിടെ മരണമടഞ്ഞ ഫൈജാസിന്റെ (22) മരണം തീരദേശത്തിന് തേങ്ങലായി. ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് മീൻ പിടിക്കുന്നതിനിടയിൽ ഫൈജാസ് കടലിലകപ്പെട്ടത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും കോസ്റ്റൽ പൊലീസും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
തിങ്കളാഴ്ച കോസ്റ്റ് ഗാർഡിന്റെ സഹായംതേടുകയുണ്ടായി. ഉച്ച 12ഓടെ ഹെലികോപ്ടർ പയ്യോളി മുതൽ ചോമ്പാൽ വരെയുള്ള ദൂരത്തിൽ പരിശോധന നടത്തി. ബേപ്പൂരിൽനിന്നുള്ള കോസ്റ്റ് ഗാർഡിന്റെ കപ്പലും തിരച്ചിലിന് എത്തിയിരുന്നു.
പരപ്പനങ്ങാടിയിൽനിന്നുള്ള ഖലീൽ ബോട്ട്, ഫിഷറീസ് ബോട്ട്, കോസ്റ്റൽ പൊലീസ് ബോട്ട്, കണ്ണൂരിൽനിന്നുള്ള മുങ്ങൽ വിദഗ്ധർ, അഗ്നിരക്ഷാസേന, സ്കൂബ ടീം തുടങ്ങിയവർ പരിശോധന നടത്തി. ഉച്ച രണ്ടു മണിയോടെ മൃതദേഹം അപകടസ്ഥലത്തുനിന്ന് ലഭിച്ചു.
വിവരമറിഞ്ഞ് നൂറുകണക്കിന് പേരാണ് തീരത്ത് എത്തിയത്. കെ.കെ. രമ എം.എൽ.എ സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചിലിന് നേതൃത്വം നൽകി. മുനിസിപ്പൽ ചെയർപേഴ്സൻ കെ.പി. ബിന്ദു, ആർ.ഡി.ഒ സി. ബിജു, ഡെ. തഹസിൽദാർ മാർക്കണ്ഡേയൻ, വില്ലേജ് ഓഫിസർ ഷീന ചെറിയാൻ, ഫിഷറീസ് ഓഫിസർ ദിൽന, കൗൺസിലർമാരായ വി.കെ. അസീസ്, നിസാബി, പി.വി. ഹാഷിം തുടങ്ങിയവർ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

