ഫേസ്ബുക്കും ഇൻസ്റ്റയുമല്ല; വൈറലായി സനിലിന്റെ ഹാം റേഡിയോ
text_fieldsസനിൽ ദീപ് കണ്ണഞ്ചേരിയിലെ വീട്ടിൽ സജ്ജമാക്കിയ ഹാം റേഡിയോ മുറിയിൽ
കോഴിക്കോട്: ഫേസ്ബുക്കിനെയും ഇൻസ്റ്റഗ്രാമിനെയും തോൽപിക്കുന്ന ഒരു സൗഹൃദ കൂട്ടായ്മയുണ്ട് ലോകത്ത്, ഹാം റേഡിയോ. വർഷങ്ങളായി ഹാം റേഡിയോ സേവനത്തിലൂടെ രാജ്യങ്ങളുടെ അതിർവരമ്പ് ഭേദിച്ച് സഞ്ചരിക്കുകയാണ് കണ്ണഞ്ചേരി സ്വദേശിയായ സനിൽദീപ്. യൂറോപ്യൻ, അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങൾ മുതൽ ഭൂപടത്തിൽ ചെറിയ പൊട്ടുപോലെ കാണുന്ന കരീബിയൻ ഉപദ്വീപുകളിൽ വരെ അദ്ദേഹത്തിന്റെ ശബ്ദം എത്തുന്നു.
സ്വന്തം ഉപകരണങ്ങൾ ഉപയോഗിച്ച് ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ആളുകളുമായും ആശയവിനിമയം നടത്തുന്നതാണ് ഹാം റേഡിയോ. പ്രകൃതി ദുരന്തങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ അത്യാധുനിക ആശയവിനിമയ സംവിധാനങ്ങൾ നിശ്ചലമാകുമ്പോൾ, ഹോം റേഡിയോ മാത്രമാണ് ആശ്രയം. ലത്തൂർ ഭൂകമ്പം, ഗുജറാത്ത് ഭൂകമ്പം, നേപ്പാൾ ഭൂമികുലുക്കം തുടങ്ങിയ ഘട്ടങ്ങളിൽ ഹാം റേഡിയോ സജീവമായി പ്രവർത്തിച്ചിരുന്നു.
ഹാം റേഡിയോ സേവനത്തിലൂടെ അത്യാസന്ന രോഗികൾക്ക് വിദേശങ്ങളിൽ നിന്ന് മരുന്ന് എത്തിക്കുന്ന സംരംഭത്തിൽ പങ്കുചേരാൻ നിരവധി തവണ സനിലിന് സാധിച്ചിട്ടുണ്ട്. നേപ്പാൾ ഭൂകമ്പ സമയത്ത് ആ രാജ്യവുമായി ആദ്യ വാർത്ത വിനിമയബന്ധം സ്ഥാപിച്ചത് സനിലും സഹപ്രവർത്തകരുമാണ്. നേപ്പാളിൽ അകപ്പെട്ടുപോയ രണ്ട് ബാങ്ക് ഉദ്യോഗസ്ഥരെ കണ്ടുപിടിക്കാനും സനിലിന്റെ ഹാം റേഡിയോ സേവനം സഹായിച്ചു. 2018 ആഗസ്റ്റിൽ കേരളത്തിലെ വെള്ളപ്പൊക്കത്തിൽ വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലായപ്പോൾ സനിലിന്റെ ഹാം റേഡിയോ നാടിന് ആശ്വാസമായി.
സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, നടൻ മമ്മൂട്ടി, കമൽഹാസൻ, അമിതാഭ് ബച്ചൻ എന്നിവരെല്ലാം പ്രശസ്തരായ ഹാം റേഡിയോ സേവകരാണ്. ഹാം റേഡിയോ സേവനത്തിന് നിരവധി പുരസ്കാരങ്ങളാണ് സനിലിനെ തേടിയെത്തിയത്. 35 വർഷത്തിലധികം ഹാം റേഡിയോയിൽ ബി.സി.ഡിക്സ് എന്ന പ്രക്ഷേപണം മുടങ്ങാതെ എല്ലാ ഞായറാഴ്ചയും നടത്തിയതിന് കാനഡ വേൾഡ് റെക്കോഡ് കരസ്ഥമാക്കി. കൊല്ലം അമേച്ചർ റേഡിയോ ലീഗ് നടത്തിയ ആൾ ഏഷ്യ വയർലെസ് മത്സരത്തിൽ 20 കൊല്ലം തുടർച്ചയായി വിജയിയാണ് സനിൽ.
അഞ്ചുതവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, നാല് തവണ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ്, നാല് തവണ അമേരിക്കൻ ബുക്ക് റെക്കോഡ്, മൂന്ന് തവണ ഇന്ത്യാ വേൾഡ് റെക്കോഡ്, രണ്ടുതവണ ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്, രണ്ടുതവണ ലിംക ബുക്ക് ഓഫ് റെക്കോഡ് എന്നിവ സ്വന്തമാക്കി. അറേബ്യൻ വേൾഡ് റെക്കോഡ്, യൂറോപ്യൻ ബുക്ക് റെക്കോഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ് തുടങ്ങി 27 അവാർഡുകൾ കരസ്ഥമാക്കി. കേരള ഗ്രാമീണ ബാങ്കിൽ നിന്നും സീനിയർ മാനേജരായി റിട്ടയർ ചെയ്ത സനിലിന്റെ സഹധർമ്മിണി അഖില തട്ടാൻകണ്ടിയും ഹാം റേഡിയോയിൽ ആകൃഷ്ടയാണ്. ഏക മകൻ എൽ.എൽ.ബി വിദ്യാർഥിയായ ഷാരൂൺ ഹാം റേഡിയോ ഓപറേറ്റർകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

