അഭയഗിരിയിൽ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം
text_fieldsനാദാപുരം: അഭയഗിരി മലയോരത്ത് കാട്ടാനകളുടെ വിളയാട്ടത്തിൽ വ്യാപക കൃഷിനാശം. വളയം-ചെക്യാട് പഞ്ചായത്തുകളിലെ മലയോര മേഖലയായ അഭയഗിരി, കണ്ടിവാതുക്കൽ മലയോരത്താണ് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചത്. അഞ്ചോളം കർഷകരുടെ തെങ്ങ്, കവുങ്ങ് വാഴ ഇടവിള കൃഷികളെല്ലാം കാട്ടാന നശിപ്പിച്ചു. കുട്ടിയാനകൾ ഉൾപ്പെടെ 16 ഓളം ആനകളാണ് കൃഷിയിടത്തിലിറങ്ങിയത്.
കണ്ണൂർ കണ്ണവം വനമേഖലയിൽനിന്നാണ് ആനകൾ കൂട്ടത്തോടെ കോഴിക്കോട് വനാതിർത്തിയിലേക്ക് കടക്കുന്നത്. മേഖലയിൽ കമ്പിവേലിയില്ലാത്തതും തകർന്ന് കിടക്കുന്നത് നന്നാക്കാത്തതുമാണ് ആനകൾ കൃഷി സ്ഥലത്തേക്കിറങ്ങാൻ ഇടയാക്കുന്നതെന്ന് കർഷകർ പറഞ്ഞു. രണ്ടു ദിവസമായി കൃഷിയിടത്തിലിറങ്ങിയ ആനകളെ വനത്തിലേക്ക് കയറ്റിവിടാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം വിജയിച്ചിട്ടില്ല. കർഷകർക്ക് കൃഷിയിടത്തിലേക്ക് പോകാനാകാത്ത അവസ്ഥയാണ്.
ജനവാസ കേന്ദ്രങ്ങൾക്ക് സമീപമാണ് ആനകൾ നിലയുറപ്പിച്ചത്. നേരത്തേ മേഖലയിൽനിന്നും നിരവധി കർഷകരുടെ കാർഷിക വിളകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. വനപാലകർ നടത്തുന്ന താൽക്കാലിക സംവിധാനത്തിനു പകരം ശാശ്വതപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഡി.എഫ്.ഒ അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

