പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ: മെഡിക്കൽ കോളജിൽ ബേൺസ് യൂനിറ്റ് ഉടൻ
text_fieldsകോഴിക്കോട്: പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്താൻ അത്യാധുനിക സംവിധാനങ്ങളോടെ മെഡിക്കൽ കോളജിൽ ബേൺസ് യൂനിറ്റ് വരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെയാണ് നാഷനൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ് മാനേജ്മെന്റ് ഓഫ് ബേൺ ഇൻജുറീസ് (എൻ.പി.പി.എം.ബി.ഐ) യൂനിറ്റ് സ്ഥാപിക്കുന്നത്. നിലവിൽ മെഡിക്കൽ കോളജ് ജനറൽ ആശുപത്രിയിലെ 25ാം വാർഡിൽ താൽക്കാലിക ബേൺസ് ഐ.സി.യു പ്രവർത്തിക്കുന്നുണ്ട്. ഇത് വിപുലപ്പെടുത്തിയാണ് ബേൺസ് യൂനിറ്റ് നിർമിക്കുന്നത്. പുതുതായി ഉദ്ഘാടനം ചെയ്ത പി.എം.എസ്.എസ്.വൈ കാഷ്വാലിറ്റി ബ്ലോക്കിലാണ് ബേൺസ് യൂനിറ്റ് സ്ഥാപിക്കുക.
നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ബേൺസ് ഐ.സി.യുവിൽ എട്ട് ബെഡുകളാണുള്ളത്. പുതിയ യൂനിറ്റ് വരുന്നതോടെ കൂടുതൽ രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനാവും. പൊള്ളൽ കൈകാര്യം ചെയ്യുന്നതിനും പുനരധിവാസത്തിനുമുള്ള ആധുനിക സൗകര്യങ്ങളോടെയാണ് യൂനിറ്റ് സജ്ജമാകുന്നത്. അത്യാധുനിക ഓപറേഷൻ തിയറ്റർ, ബേൺസ് ഒ.പി, രോഗിയെ കഴുകി വൃത്തിയാക്കുന്നതിനായി കുളിമുറി സൗകര്യം, ഡ്രെസിങ് മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വാർഡുകൾ, നഴ്സിങ് സ്റ്റേഷൻ, ചികിത്സ കഴിഞ്ഞവർക്കായി ഫിസിയോതെറപ്പി യൂനിറ്റ് തുടങ്ങിയ സജ്ജീകരണങ്ങളാണ് ബേൺസ് യൂനിറ്റിൽ ഒരുങ്ങുന്നത്. സെൻട്രൽ ഡിസൈൻ ബ്യൂറോ നിർദേശപ്രകാരമാണ് ഇവിടെ ഉപകരണങ്ങൾ, ജീവനക്കാർ, ബേൺസ് യൂനിറ്റ്, വാർഡ് എന്നിവ തയാറാക്കുക. 3.46 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മെഡിക്കൽ കോളജ് പ്ലാസ്റ്റിക് സർജറി വിഭാഗം അധികൃതർ അറിയിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല. രണ്ടു മാസത്തിനകം ബേൺസ് യൂനിറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
പൊള്ളൽ മൂലമുള്ള മരണം ഏറിയ സാഹചര്യത്തിലാണ് പ്രതിരോധമെന്ന നിലയിൽ കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയം പൈലറ്റ് പ്രോഗ്രാം (പി.പി.പി.ബി.ഐ) രാജ്യത്ത് നടപ്പാക്കിയത്. 67 മെഡിക്കൽ കോളജുകളിൽ നടപ്പാക്കിയ പദ്ധതിയിൽ കോഴിക്കോട് മെഡിക്കൽ കോളജിനെയും ഉൾപ്പെടുത്തുകയായിരുന്നു. കേരളത്തിൽ കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിൽ നിലവിൽ ബേൺസ് യൂനിറ്റുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളുമായി ബേൺസ് യൂനിറ്റ് സജ്ജമാകുന്നതോടെ 15 ശതമാനം മുതൽ പൊള്ളലേറ്റ രോഗികൾക്ക് വിദഗ്ധ ചികിത്സ നൽകാൻ കഴിയും. 2016 ൽ ആരംഭിച്ച യൂനിറ്റിൽ ഇതുവരെ 700ൽ അധികം രോഗികൾക്കാണ് ചികിത്സ നൽകിയത്. ബേൺസ് യൂനിറ്റ് വരുന്നതോടെ മലബാർ മേഖലയിൽനിന്നുള്ള രോഗികൾക്ക് ഏറെ ആശ്വാസമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

