പദ്ധതിവിഹിതം ചെലവഴിക്കൽ; ജില്ല പഞ്ചായത്ത് പിറകിലെന്ന് റിപ്പോർട്ട്, കുറ്റപ്പെടുത്തി പ്രതിപക്ഷം
text_fieldsകോഴിക്കോട്: വാർഷിക പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ കോഴിക്കോട് ജില്ല പഞ്ചായത്ത് വളരെ പിറകിലെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ 14 ജില്ലകളുടെ കണക്കെടുക്കുമ്പോൾ പത്താം സ്ഥാനത്താണ് കോഴിക്കോട്. 2023-24 സാമ്പത്തിക വർഷം 62.2 കോടി രൂപയുടെ പദ്ധതികളാണ് ജില്ല പഞ്ചായത്തിനുണ്ടായിരുന്നത്. ഇതിൽ 36.19 കോടി രൂപ മാത്രമാണ് ചെലവഴിക്കാനായത്. ഏകദേശം പകുതിയോളം അതായത് 58.18 ശതമാനം പദ്ധതികൾ മാത്രമാണ് പൂർത്തിയാക്കാനായതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പദ്ധതി വിഹിതം ചെലവഴിച്ചതിൽ മുൻപന്തിയിൽ നിൽക്കുന്നത് തിരുവനന്തപുരം ജില്ല പഞ്ചായത്താണ്. 80.31 കോടി രൂപയുടെ പദ്ധതികൾ വകയിരുത്തിയതിൽ 55.4 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. അതായത് 69 ശതമാനം പദ്ധതികളും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കാൻ തിരുവനന്തപുരത്തിന് കഴിഞ്ഞു. രണ്ടാംസ്ഥാനത്ത് വയനാടാണ്. 39.89 കോടി വകയിരുത്തിയതിൽ 25.01 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കാനായി.
മൂന്നാംസ്ഥാനത്തുള്ള തൃശൂർ 81.85 കോടി വകയിരുത്തിയതിൽ 51.19 കോടി രൂപയുടെ പദ്ധതികളും പൂർത്തിയാക്കി. കോട്ടയം, കണ്ണൂർ, മലപ്പുറം, കൊല്ലം, എറണാകുളം എന്നീ ജില്ല പഞ്ചായത്തുകൾക്ക് താഴെ പത്താം സ്ഥാനത്താണ് കോഴിക്കോടിന്റെ സ്ഥാനം. ആലപ്പുഴ, ഇടുക്കി, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ല പഞ്ചായത്തുകളാണ് പദ്ധതിവിഹിതം ചെലവഴിക്കുന്നതിൽ കോഴിക്കോട് ജില്ല പഞ്ചായത്തിന് പിറകിൽ നിൽക്കുന്നത്.
പക്ഷപാതപരമായി പദ്ധതികൾ അനുവദിക്കുന്നതിനാലാണ് തുക ചെലവഴിക്കാനാകാത്തതെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. തങ്ങൾക്ക് താൽപര്യമുള്ള പദ്ധതികൾ അനുവദിക്കുന്നതിനാൽ പദ്ധതികൾ നിർവഹണ ഘട്ടത്തിൽ സാങ്കേതികമായ നൂലാമാലകളിൽ കുടുങ്ങുന്നു.
അതിനാലാണ് തുക ചെലവഴിക്കാനാകാത്തത്. മാത്രമല്ല, സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ഫണ്ട് അനുവദിക്കാത്തതും പദ്ധതി നിർവഹണത്തിൽ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് ജില്ല പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് ഐ.പി. രാജേഷ് പറഞ്ഞു.
പദ്ധതി നിർവഹണത്തിൽ കോഴിക്കോട് ജില്ല പഞ്ചായത്ത് പിറകിലാകുന്നതിന്റെ കാരണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രവർത്തനങ്ങളാണെന്ന് കഴിഞ്ഞ യോഗത്തിലും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
എന്നാൽ, പദ്ധതിവിഹിതം ചെലവഴിക്കുന്നതിൽ കോഴിക്കോട് ജില്ല പഞ്ചായത്ത് പത്താം സ്ഥാനത്തെത്തിയതിന്റെ കാരണം വെറും സാങ്കേതികം മാത്രമാണെന്ന് ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനു സി. കുഞ്ഞപ്പൻ പറഞ്ഞു. പ്രവൃത്തി പൂർത്തിയായിട്ടുണ്ടെങ്കിലും ബില്ലുകൾ പാസാകാത്തതിനാലാണ് ചെലവായ തുകയിൽ കുറവ് കാണിക്കുന്നത്.
ഏകദേശം 28 കോടി രൂപയുടെ ബില്ലുകൾ പല വിധ കാരണങ്ങളാൽ പാസാകാതെ കിടക്കുന്നുണ്ട്. പ്രവൃത്തികൾ പൂർത്തിയാക്കുക, ബില്ലുകൾ നൽകുക എന്നിവയെല്ലാം നിർവഹണ ഉദ്യോഗസ്ഥരും കരാറുകാരും സമയബന്ധിതമായി ചെയ്യേണ്ടതുണ്ട്.
ചില ബില്ലുകൾ അവസാന നിമിഷത്തിൽ നൽകിയതുമൂലം പാസാകാതെയിരുന്നിട്ടുണ്ട്. 1800ഓളം പദ്ധതികളാണ് ജില്ല പഞ്ചായത്തിനുള്ളത്. ഏകദേശം 84 ശതമാനത്തോളം പദ്ധതിവിഹിതം ജില്ല പഞ്ചായത്തിന് ചെലവഴിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

