സ്വപ്നനഗരിയിലെ എക്സിബിഷൻ; 25 ലക്ഷം ‘ഗുണ്ടാപ്പിരിവായി’ വേണമെന്ന് ബി.ജെ.പി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന്
text_fieldsകോഴിക്കോട്: 25 ലക്ഷം രൂപ ‘ഗുണ്ടാപ്പിരിവായി’ നൽകിയില്ലെങ്കിൽ, കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച എക്സിബിഷൻ സെറ്റ് അഗ്നിക്കിരയാക്കുമെന്ന് ബി.ജെ.പി നേതാക്കളുടെ ഭീഷണി.
പണം നൽകിയില്ലെങ്കിൽ എരഞ്ഞിപ്പാലം സ്വപ്നനഗരിയിൽ ആരംഭിച്ച ‘മറൈൻ വേൾഡ് ഇൻ ദ സീ ബൈ’ പ്രദർശനം പൂർണമായും കത്തിക്കുമെന്നുപറഞ്ഞ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സതീഷ് പാറന്നൂർ, കോഴിക്കോട് നോർത്ത് മണ്ഡലം സെക്രട്ടറി അജയ് ലാൽ എന്നിവരാണ് ഭീഷണിപ്പെടുത്തിയതെന്ന് എക്സിബിഷൻ സംഘാടകരായ എറണാകുളത്തെ ഡി.ക്യു.എഫ് ഏജൻസി എം.ഡി ഫയാസ് റഹ്മാനും ലീഗൽ അഡ്വൈസർ അഡ്വ. ഫാത്തിമ സിദ്ദീഖും വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ നടക്കാവ് പൊലീസ് ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രദർശനത്തിനായി ഏപ്രിൽ 24ന് പന്തലിടാൻ തുടങ്ങിയതു മുതലായിരുന്നു ഭീഷണി. 25 ലക്ഷം രൂപ നൽകിയില്ലെങ്കിൽ പ്രദർശനം നടത്താൻ അനുവദിക്കില്ലെന്നും വിലക്ക് ലംഘിച്ച് മുന്നോട്ടുപോയാൽ സെറ്റ് അഗ്നിക്കിരയാക്കുമെന്നും പറഞ്ഞ് തൊഴിലാളികളുടെ പണിവരെ സതീഷിന്റെയും അജയ് ലാലിന്റെയും നേതൃത്വത്തിലെത്തിയ അഞ്ചംഗ സംഘം തടസ്സപ്പെടുത്തി.
അതിനിടെ, ഇവരെ കണ്ട് സംസാരിച്ചപ്പോൾ ‘കാണേണ്ടപോലെ കണ്ടില്ലെങ്കിൽ ഒന്നും നടക്കില്ല, നാട്ടുനടപ്പ് അറിയാമല്ലോ’ എന്നായിരുന്നുവത്രെ ഇവർ പറഞ്ഞത്. പരാതി നൽകിയതിനെ തുടർന്ന് കമ്പനി പ്രതിനിധികളെയും സതീഷിനെയും നടക്കാവ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും പിന്നാക്ക ജാതിയിൽപെട്ടയാളാണെന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് നൽകുമെന്നും പൊലീസിനെയും ഭീഷണിപ്പെടുത്തിയത്രെ.
തുടർന്ന് സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണക്കും കമ്പനി പരാതി നൽകി. പിന്നീട് ഹൈകോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണത്തിനുള്ള ഉത്തരവ് വാങ്ങുകയായിരുന്നു. അതിനിടെ, ലൈസൻസ് തടയാൻ കോർപറേഷനെ സമീപിക്കുകയും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന് തദ്ദേശ വകുപ്പിന് പരാതി നൽകി ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കുകയും ചെയ്തു.
ഇതോടെ മേയ് മൂന്നിന് തുടങ്ങേണ്ട പ്രദർശനം പത്തിനാണ് ആരംഭിച്ചത്. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടത്തിന് കേസ് നൽകുമെന്നും ഇരുവരും അറിയിച്ചു. ഡി.ക്യു.എഫ് ഏജൻസി പാർട്ണർ സിദ്ദീഖ് മല്ലശ്ശേരിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
മൂന്നു കോടിയുടെ നഷ്ടമുണ്ടായെന്ന് സംരംഭകൻ
കോഴിക്കോട്: സതീഷ് പാറന്നൂരിന്റെ ഭീഷണിയെ തുടർന്ന് മൂന്നു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി 2023 മാർച്ചിൽ സ്വപ്നനഗരിയിൽ പ്രദർശനം സംഘടിപ്പിച്ച കലാസംവിധായകൻ കൂടിയായ എ.ആർ. രാജേഷ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മ്യൂസിക്കൽ ഫൗണ്ടൻ, ഫിലിം ഫെസ്റ്റ്, ഫിലിം സെറ്റ് അടക്കം ‘ഫൗണ്ടൻ ബിനാലെ’ എന്നപേരിൽ പ്രദർശനമൊരുക്കിയപ്പോൾ 25 ലക്ഷം ആവശ്യപ്പെട്ടു.
ഒരു സ്ത്രീക്ക് ആറു ലക്ഷത്തിന്റെ വീട് നൽകണമെന്നും ആവശ്യപ്പെട്ടു. പണം നൽകില്ലെന്നായതോടെ കോർപറേഷനെ സമീപിച്ച് പ്രദർശനത്തിനുള്ള പി.പി.ആർ ലൈസൻസ് മുടക്കി. ഇതോടെ ഒന്നര മാസത്തോളം കഴിഞ്ഞാണ് പ്രദർശനം ആരംഭിച്ചത്. പ്രദർശനം കഴിഞ്ഞപ്പോഴേക്കും മൂന്നുകോടി രൂപയുടെ കടക്കാരനായി വീടുപോലും പണയപ്പെടുത്തേണ്ടിവന്നു.
ആ കമ്പനി തന്നെ പിന്നീട് പൂട്ടി. കാലിക്കറ്റ് ട്രേഡ് സെന്റർ ബുക്ക് ചെയ്യുന്നവരെയും സതീഷ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതായും ഇയാൾക്കെതിരെ കർശന നടപടി വേണമെന്നും സെന്റർ പ്രോജക്ട് ഡയറക്ടർ എം.പി. അൻഷാദും എമറാൾഡ് ഗ്രൂപ് പ്രതിനിധി കെ. അഫ്സലും പറഞ്ഞു.
സതീഷ് പാറന്നൂരിനും അജയ് ലാലിനുമെതിരെ കേസ്
കോഴിക്കോട്: സ്വപ്നനഗരിയിലെ എക്സിബിഷൻ സ്ഥലത്ത് അതിക്രമിച്ചുകയറി, 25 ലക്ഷം രൂപ തന്നില്ലെങ്കിൽ എല്ലാം കൂട്ടിയിട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.
ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സിവിൽ സ്റ്റേഷനു സമീപം എടച്ചേരി വീട്ടിൽ സതീഷ് കുമാർ (സതീഷ് പാറന്നൂർ -47), മണ്ഡലം സെക്രട്ടറി പാലാട്ടുതാഴം അജിത നിവാസിൽ അജയ്ലാൽ (48) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഡി.ക്യു.എഫ് എം.ഡി വൈറ്റില സ്വദേശി ഫയാസ് റഹ്മാന്റെ പരാതിയിലാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

