പരീക്ഷ മുടങ്ങി; കെ.എം.സി.ടി കോളജിൽ സംഘർഷം
text_fieldsചാത്തമംഗലം: കളൻതോട് കെ.എം.സി.ടി പോളിടെക്നിക് കോളജിൽ പരീക്ഷ തടസ്സപ്പെട്ടതിനെ തുടർന്ന് വിദ്യാർഥി സംഘർഷം. ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അധ്യാപകർ ഡ്യൂട്ടി ബഹിഷ്കരിച്ചതിനാലാണ് പരീക്ഷ തടസ്സപ്പെട്ടത്. മുക്കം പൊലീസ് എത്തി നടത്തിയ ചർച്ചയെ തുടർന്ന് അധ്യാപകർ ഡ്യൂട്ടിക്ക് കയറിയതോടെയാണ് സംഘർഷം അവസാനിച്ചത്. തുടർന്ന് ഉച്ചക്ക് രണ്ടിന് പരീക്ഷ നടത്തി. കല്ലേറിൽ കോളജിെൻറ ഏതാനും ജനൽ ചില്ലുകൾ തകർന്നു.
ഡിപ്ലോമ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്ററിെൻറ ആദ്യ പരീക്ഷയായിരുന്നു ചൊവ്വാഴ്ച. അധ്യാപകർ ഡ്യൂട്ടിക്ക് കയറാതിരുന്നതിനെതുടർന്ന് പത്തുമണിക്ക് പരീക്ഷ തുടങ്ങാനായില്ല. സമയം കഴിഞ്ഞിട്ടും പരീക്ഷ തുടങ്ങാത്തതിനെതുടർന്ന് വിദ്യാർഥികൾ ബഹളംവെച്ചു. ആറു മാസത്തിലധികമായി അധ്യാപകർക്ക് ശമ്പളം ലഭിച്ചിട്ട്. ഇതു സംബന്ധിച്ച് അധ്യാപകർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. മാനേജ്മെന്റിനും കത്തു നൽകിയിരുന്നു. പരിഹാരമുണ്ടാവാത്ത സാഹചര്യത്തിലാണ് അധ്യാപകർ പരീക്ഷ ഡ്യൂട്ടി നിസ്സഹകരണ സമരമാരംഭിച്ചത്. വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകരും സ്ഥലത്തെത്തി ഉപരോധ സമരം നടത്തി. സമരത്തിനിടെ എസ്.എഫ്.ഐയുടെ പതാക ചില വിദ്യാർഥികൾ അഴിച്ചുമാറ്റിയതിനെ ചൊല്ലി പ്രവർത്തകരും കോളജ് വിദ്യാർഥികളും തമ്മിൽ കൈയാങ്കളിയുമുണ്ടായി.
ഇൻസ്പെക്ടർ പ്രജീഷിെൻറ നേതൃത്വത്തിൽ മുക്കം പൊലീസ് സ്ഥലത്തെത്തി പ്രിൻസിപ്പൽ, അധ്യാപക പ്രതിനിധികൾ, വിദ്യാർഥികൾ എന്നിവരുമായി ചർച്ച നടത്തി. രണ്ടു മാസത്തെ ശമ്പളമെങ്കിലും ഉടൻ ലഭിക്കണമെന്ന് അധ്യാപകർ നിർബന്ധം പിടിച്ചെങ്കിലും വ്യാഴാഴ്ച മുക്കം സ്റ്റേഷനിൽവെച്ച് മാനേജ്മെന്റ് പ്രതിനിധികളെയും ഉൾപ്പെടുത്തി വിശദ ചർച്ച നടത്താമെന്ന ധാരണയിൽ ജോലിക്ക് കയറാൻ സമ്മതിക്കുകയായിരുന്നു. ഇതിനിടെ വിദ്യാർഥികൾ തമ്മിൽ വീണ്ടും സംഘർഷം ഉടലെടുത്തതോടെ പൊലീസ് വിരട്ടി ഓടിച്ചു.
അതേസമയം, കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺ സാഹചര്യത്തിൽ വിദ്യാർഥികളുടെ ഫീസിനത്തിൽ കുടിശ്ശിക വന്നതിനാലാണ് ശമ്പളം മുഴുവനായി കൊടുക്കാൻ കഴിയാതെ വന്നതെന്ന് പ്രിൻസിപ്പൽ ഉദയൻ 'മാധ്യമ'ത്തോട് പറഞ്ഞു.
എല്ലാ മാസവും ശമ്പളം നൽകിയിട്ടുണ്ടെങ്കിലും ചില മാസങ്ങളിൽ പകുതി തുക മാത്രമാണ് നൽകാനായത്. ഫീസ് ലഭിക്കുന്ന മുറക്ക് ശേഷിക്കുന്ന ശമ്പളം നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു. ചൊവ്വാഴ്ചയുണ്ടായ അക്രമത്തിൽ ജനൽ ചില്ലുകൾ തകർന്നതടക്കം നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ബുധനാഴ്ച ഇത് പരിശോധിച്ച് പൊലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

