വിവരാവകാശ കമീഷൻ തെളിവെടുപ്പ്: ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശം; അധിക ഫീസിൽ വിശദീകരണം തേടി
text_fieldsകോഴിക്കോട്: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കായി സംസ്ഥാന വിവരാവകാശ കമീഷൻ നടത്തിയ തെളിവെടുപ്പിൽ 24 പരാതികൾ പരിഗണിച്ചു. വിവരാവകാശ അപേക്ഷയിൽ സമയബന്ധിതമായി മറുപടി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും അപേക്ഷയിൽ അധിക ഫീസ് ആവശ്യപ്പെട്ടവരോട് വിശദീകരണം തേടാനും നിർദേശിച്ചു. കമീഷണർ എ. അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിൽ കാരന്തൂർ മർകസ് ഇൻഡസ്ട്രിയൽ ട്രെയിനിങ് കേന്ദ്രത്തിലായിരുന്നു തെളിവെടുപ്പ്.
ഹൗസിങ് ബോർഡിൽ അനന്തരാവകാശികൾക്ക് കൈമാറാനുള്ള വിവരങ്ങൾ സംബന്ധിച്ച രേഖ ഉൾപ്പെടെ നാല് കേസുകളിൽ കമീഷൻ തൽക്ഷണം വിവരങ്ങൾ ലഭ്യമാക്കി. വനം വകുപ്പിൽനിന്ന് വിരമിക്കുകയോ സ്ഥലം മാറിപ്പോവുകയോ ചെയ്യുന്ന ഓഫിസ് മേധാവി തന്റെ പിൻഗാമിക്ക് കേരള ഫോറസ്റ്റ് കോഡ് 6-2-2 പ്രകാരം നൽകേണ്ട നിർബന്ധിത രേഖയായ നോട്ട് ടു സക്സസർ വയനാട് ജില്ലയിലെ വനം ഓഫിസിൽനിന്ന് ആവശ്യപ്പെട്ട കോഴിക്കോട് സ്വദേശിക്ക് 14 ദിവസത്തിനകം ലഭ്യമാക്കാൻ കമീഷൻ നിർദേശിച്ചു.
കോഴിക്കോട് സബ് രജിസ്ട്രാർ ഓഫിസിൽ പരാതിക്കാരി ആവശ്യപ്പെട്ട രേഖ 14 ദിവസത്തിനകം സൗജന്യമായി ലഭ്യമാക്കണം. ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ ഫയലിലുണ്ടായിട്ടും ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരുന്ന വിവരാവകാശ ഓഫിസർക്കെതിരെ ചട്ടം 20-1 പ്രകാരം നടപടിയെടുത്ത് കാരണം കാണിക്കൽ നോട്ടീസ് നൽകും.
ചേളന്നൂർ സബ് രജിസ്ട്രാർ ഓഫിസിൽ പരാതിക്കാരൻ നൽകിയ അപേക്ഷയിൽ വിവരാവകാശ ഓഫിസർ നൽകിയ മറുപടി ചട്ടവിരുദ്ധമാണെന്ന് കണ്ട് നടപടിയെടുത്ത് കാരണം കാണിക്കൽ നോട്ടീസ് നൽകും. കോഴിക്കോട് സബ് ട്രഷറി ഓഫിസ്, കെ.ഡി.സി ബാങ്ക് എന്നിവക്കെതിരെ സമർപ്പിച്ച പരാതിയിൽ ഹരജിക്കാരന്റെ പെൻഷൻ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കി 14 ദിവസത്തിനകം രേഖകൾ നൽകാൻ ഉത്തരവായി.
കമീഷൻ ഹിയറിങ്ങിൽനിന്ന് വിട്ടുനിന്ന അരിക്കുളം ഗ്രാമപഞ്ചായത്ത് ഇൻഫർമേഷൻ ഓഫിസറോട് തിരുവനന്തപുരത്തെ ഓഫിസിൽ ഹാജരാകാൻ സമൻസ് അയക്കാനും ഉത്തരവായി. ഹിയറിങ്ങിൽ ഹാജരാകാതിരുന്ന കോഴിക്കോട് തഹസിൽദാർക്കും സമൻസ് അയക്കും. വിവരാവകാശ നിയമപ്രകാരം അധികഫീസ് നൽകാൻ അപേക്ഷകർക്ക് നിർദേശം നൽകിയ ജില്ലയിലെ രജിസ്ട്രേഷൻ, റവന്യൂ ഓഫിസുകളിലെ നടപടി ശരിയല്ലെന്ന് കമീഷൻ പറഞ്ഞു. ഫീസ് ആവശ്യപ്പെടാൻ ഉണ്ടായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല രജിസ്ട്രാർ ഓഫിസിലെയും കോഴിക്കോട് താലൂക്ക് ഓഫിസിലെയും ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും തീരുമാനിച്ചു.
വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് കൃത്യസമയത്തിനകം മറുപടി നൽകാതിരിക്കുന്ന കേസുകളിൽ ഒന്നാം അപ്പീൽ അധികാരികളായ മേൽ ഓഫിസർമാർ ഇടപെട്ട് സമയബന്ധിതമായി വിവരം ലഭ്യമാക്കണം. അത്തരം ഘട്ടങ്ങളിൽ ഒന്നാം അപ്പീൽ അധികാരികൾക്കെതിരെ ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
രേഖകൾ നൽകാതിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. വിവരാവകാശ അപേക്ഷകൾ മറുപടി നൽകാനോ പരിശോധിക്കാനോ 30 ദിവസം കാത്തുവെക്കുന്നത് ശരിയല്ലെന്നും വിവരാവകാശ കമീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

