യാത്രക്കാർക്ക് എട്ടിന്റെ പണികൊടുത്ത് എസ്കലേറ്റർ
text_fieldsഇൻഡോർ സ്റ്റേഡിയം ഭാഗത്തെ എസ്കലേറ്റർ പ്രവർത്തിക്കാത്ത നിലയിൽ, ലിഫ്റ്റ് പ്രവർത്തിക്കാത്ത നിലയിൽ
കോഴിക്കോട്: ഇൻഡോർ േസ്റ്റഡിയത്തിന് മുന്നിൽനിന്ന് മൊഫ്യൂസിൽ ബസ്സ്റ്റാൻഡിലെത്താൻ പതിനെട്ടാംപടി കയറുന്നതിലും പ്രയാസമാണിപ്പോൾ. മേൽപാലത്തിലൂടെ റോഡ് മുറിച്ചുകടന്ന് അക്കരെയെത്താൻ എസ്കലേറ്ററുണ്ടെന്ന പ്രതീക്ഷയോടെ ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിലെത്തുന്നവരെ വരവേൽക്കുന്നത് കെട്ടിപ്പൂട്ടിയിട്ട എസ്കലേറ്ററുകളാണ്. സ്റ്റെപ് കയറാനുള്ള പ്രയാസം കാരണം ലിഫ്റ്റ് വഴി മുകളിലേക്ക് കയറാമെന്ന് കരുതി ലിഫ്റ്റിനടുത്തെത്തിയാൽ അവിടെയും രക്ഷയില്ല. അതും അടച്ചിട്ടിരിക്കുകയാണ്. ചുറ്റും നടന്നത് മാത്രം മിച്ചം. പ്രായമായവർക്കും രോഗികൾക്കും ഭാരമേറിയ ലഗേജുമായി എത്തുന്നവർക്കും ദുരിതപർവമായിരിക്കയാണ് മേൽപാലത്തിലൂടെയുള്ള യാത്ര. രണ്ടുമാസത്തോളമായി എസ്കലേറ്റര്‍ കം എലിവേറ്റര്‍ ഫൂട്ട് ഓവര്‍ബ്രിഡ്ജിന്റെ ഒരുവശത്തെ എസ്കലേറ്റർ പണിമുടക്കിയിരിക്കുകയാണ്. എസ്കലേറ്റർ വന്നതോടെ റോഡ് ഡിവൈഡറിൽ വലിയ ബാരിക്കേഡുകൾ സ്ഥാപിച്ചതിനാൽ റോഡിലൂടെ മുറിച്ചുകടക്കാനും കഴിയില്ല.
അമൃത് പദ്ധതിയിലുൾപ്പെടുത്തി 11.35 കോടി ചെലവിൽ 2020 നവംബർ ഒന്നിനാണ് എസ്കലേറ്റർ മേൽപാലം തുറന്നത്. രാവിലെയും വൈകീട്ടും ബ്രിഡ്ജിൽ വൻതിരക്കാണ് അനുഭവപ്പെടുന്നുണ്ട്. എസ്കലേറ്റർ പൂർണമായും ഭാഗികമായും പണിമുടക്കുന്ന് പതിവാണ്. അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട വിഷയമാണെങ്കിലും പ്രശ്നപരിഹാരത്തിൽ മെല്ലെപ്പോക്ക് നയമാണ് കോർപറേഷൻ സ്വീകരിക്കുന്നത്. പരിപാലിക്കുന്നതിലെ വീഴ്ചയാണ് എസ്കലേറ്റർ പെട്ടെന്ന് കേടാവാൻ കാരണമെന്നാണ് ആക്ഷേപം. നേരത്തെ അമർ കമ്പനിക്കായിരുന്നു നടത്തിപ്പുചുമതല. വാടക ഇനത്തിൽ പിരിച്ചതടക്കം ഭീമമായ തുക കമ്പനി കോർപറേഷന് തിരിച്ചടക്കേണ്ടതുണ്ട്.
ഇവരുമായുള്ള കരാർ കോർപറേഷൻ റദ്ദാക്കിയിരിക്കുകയാണ്. നടത്തിപ്പ് ചുമതല ‘സൊലസിനെ’ഏൽപിക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനമായതാണെന്നും ഉടൻ കമ്പനിയുമായി ധാരണയിൽ എത്തുമെന്നും കോർപറേഷൻ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.സി. രാജൻ പറഞ്ഞു. എന്നാൽ, എസ്കലേറ്റർ അറ്റകുറ്റപ്പണി നടത്തുന്നതിൽ അധികാരികൾക്ക് കൃത്യമായ മറുപടിയില്ല.
യു.എൽ.സി.സിയുടെ സഹായത്തോടെ നേരിട്ട് പണിചെയ്യിക്കാനാണ് കോർപറേഷൻ തീരുമാനം. എന്നാൽ, എസ്കലേറ്ററിന്റെ ഹാൻഡ്റെയിൽ അറ്റകുറ്റപ്പണി അടക്കമുള്ളവ നടത്താൻ വിദഗ്ധ പരിശോധന ആവശ്യമാണ്. ഹാൻഡ്റെയിൽ അറ്റകുറ്റപ്പണി നടത്താൻ കഴിയില്ലെന്ന് യു.എൽ.സി.സി അറിയിച്ചതായാണ് വിവരം.
ഭരണസമിതി ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ആരോപിച്ചു. അധികൃതർ നടപടിക്രമങ്ങളുടെ നൂലാമാലകൾ പറഞ്ഞ് ഒഴിഞ്ഞുമാറുമ്പോൾ തങ്ങളുടെ ദുരിതം എന്ന് തീരുമെന്നാണ് യാത്രക്കാരുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

