കോഴിക്കോട് ജില്ലയിൽ 74 റേഷൻ കടകൾ കാലി
text_fieldsകോഴിക്കോട്: വിതരണക്കാരുടെയും വ്യാപാരികളുടെയും സമരം കഴിഞ്ഞ് ജനുവരിയിലെ റേഷൻ വാങ്ങാൻ ഒരുദിവസം മാത്രമേ ബാക്കിയുള്ളൂവെങ്കിലും ജില്ലയിൽ 74 റേഷൻ കടകൾ ധാന്യങ്ങളില്ലാതെ കാലി. തിങ്കളാഴ്ച വൈകീട്ട് വരെ കോഴിക്കോട് താലൂക്കിൽ 24ഉം കൊയിലാണ്ടിയിൽ 29ഉം വടകര 12ഉം കോഴിക്കോട് സൗത്തിൽ നാലും നോർത്തിൽ രണ്ടും താമരശ്ശേരിയിൽ മൂന്നും റേഷൻ കടകളിൽ ജനുവരിയിൽ വിതരണം ചെയ്യുന്നതിനുള്ള ധാന്യങ്ങൾ എത്തിയിട്ടില്ലെന്നാണ് വിവരം.
ജില്ലയിൽ ജനുവരിയിലെ റേഷൻ വിതരണം 70 ശതമാനം മാത്രമാണ് പൂർത്തിയായതെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11നുമുമ്പ് എല്ലാ കടകളിലും ധാന്യം എത്തിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മതിയായ സ്റ്റോക്ക് എത്താത്തതിനാൽ പല കടകളിൽനിന്നും റേഷൻ വിഹിതം പൂർണമായി നൽകാനായിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു.
ജില്ലയിലെ 90 റേഷൻ കടകളിൽ തിങ്കളാഴ്ചയാണ് വിതരണത്തിനുള്ള ധാന്യങ്ങൾ എത്തിയത്. റേഷൻ കടകൾക്കു മുന്നിൽ ഇന്നലെ നീണ്ട വരിയായിരുന്നു. മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് പലർക്കും റേഷൻ കിട്ടിയത്. വാതിൽപടി ജീവനക്കാരുടെ സമരം ജനുവരി ഒന്നിന് തുടങ്ങി 25നാണ് അവസാനിച്ചത്. പിറ്റേന്ന് ഞായറാഴ്ചയായതിനാൽ വിതരണം നടന്നില്ല. 27ന് റേഷൻ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു. 28നാണ് ഗോഡൗണുകളിൽനിന്ന് കടകളിലേക്ക് ധാന്യവിതരണം പുനരാരംഭിച്ചത്. അതുകൊണ്ടുതന്നെ എല്ലാ കടകളിലും റേഷൻ എത്തിയിട്ടില്ല. അതിനാൽ ജനുവരിയിലെ റേഷൻ വാങ്ങുന്നതിനുള്ള സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം ശക്തമായി.
തീയതി നീട്ടണമെന്ന് വ്യാപാരികൾ
സംസ്ഥാനത്ത് മുഴുവൻ കടകളിലും റേഷൻ സാധനങ്ങൾ എത്തിയിട്ടില്ലെന്നും അതിനാൽ വിതരണ തീയതി നീട്ടുകയോ ഫെബ്രുവരിയിലെ റേഷനൊപ്പം ജനുവരിയിൽ വാങ്ങാത്തവരുടെ വിഹിതംകൂടി വിതരണം ചെയ്യാൻ നടപടിയുണ്ടാവുകയോ ചെയ്യണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ജനുവരിയിലെ വിതരണത്തിന് 50 ശതമാനം മാത്രം ലഭിച്ച ജില്ലകളുമുണ്ട്. റേഷൻ കടകളിൽ അതത് മാസത്തെ വിതരണത്തിനുള്ള സാധനങ്ങൾ പൂർണമായും എത്താതെ കാർഡുടമകളോട് റേഷൻ വാങ്ങാനുള്ള പ്രഖ്യാപനം വ്യാപാരികളും കാർഡുടമകളും തമ്മിൽ തർക്കത്തിന് ഇടയാക്കും. ഇനിയും പല ജില്ലകളിലും 30 മുതൽ 40 ശതമാനം വരെ റേഷൻ ലഭിക്കാൻ ബാക്കിയുണ്ടെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദലി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.