മെഡിക്കൽ കോളജിലെ അത്യാഹിതവിഭാഗം പുതിയ ബ്ലോക്കിൽ പ്രവർത്തനം തുടങ്ങി
text_fieldsകോഴിക്കോട് മെഡിക്കൽ കോളജിലെ പുതിയ ബ്ലോക്കിൽ അത്യാഹിതവിഭാഗം പ്രവർത്തനമാരംഭിച്ചപ്പോൾ
കോഴിക്കോട്: മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം പുതിയ ബ്ലോക്കിൽ പ്രവർത്തനമാരംഭിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് പ്രവർത്തനം ആരംഭിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് പ്രവേശിപ്പിക്കപ്പെട്ട പെരുമണ്ണ സ്വദേശി ചെറിയ വട്ടക്കളത്തിൽ ചോയിക്കുട്ടിയാണ് (72) പുതിയ അത്യാഹിതവിഭാഗത്തിൽ ഒന്നാമതായി രജിസ്റ്റർ ചെയ്യപ്പെട്ട രോഗി.
തലക്കുളത്തൂർ പഞ്ചായത്തിലെ പുറക്കാട്ടിരി അങ്ങാടിയിൽ റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടത്തിൽ സാരമായ പരിക്കേറ്റ് പ്രവേശിപ്പിക്കപ്പെട്ട എരവത്ത് അശോകനാണ് (67) ഉദ്ഘാടനദിവസം റോഡപകടത്തിൽപെട്ട് ആദ്യമായി സർജറിക്ക് വിധേയനായത്.
ഡോ. അഖിൽ, ഡോ. ബിൻസി എന്നിവർ മെഡിസിൻ വിഭാഗത്തിലും ഡോ. അജിൻ സർജറി വിഭാഗത്തിന്റെ മെഡിക്കൽ ഓഫിസറുമായാണ് പ്രവർത്തനം തുടങ്ങിയത്. പബ്ലിക് റിലേഷൻ ഓഫിസറായി കനകദാസാണ് ജോലിയിലുള്ളത്.
നഴ്സുമാർ, ടെക്നീഷ്യന്മാർ ഉൾപ്പെടെ ആവശ്യത്തിന് ആശുപത്രിജീവനക്കാരുമുണ്ട്. മെഡിക്കൽ കോളജിൽ അംഗീകൃത സന്നദ്ധ സംഘടനകളിലെ വളന്റിയർമാരിൽ 90 ശതമാനവും പുതിയ ബ്ലോക്കിൽ ആദ്യദിവസം എത്തിച്ചേർന്നു. നേരത്തെ പ്രവർത്തിച്ചിരുന്ന അത്യാഹിതവിഭാഗത്തിൽനിന്നും മെഡിക്കൽ കോളജ് സ്റ്റോറിൽനിന്നും വിവിധ ഉപകരണങ്ങൾ പുതിയ അത്യാഹിത വിഭാഗത്തിലെത്തിക്കാൻ വളന്റിയർമാർ ഏറെനേരം പ്രവർത്തിച്ചു.
നേരത്തെ പ്രവർത്തിച്ചിരുന്ന അത്യാഹിതവിഭാഗത്തിൽ ഞായറാഴ്ച വരെ രണ്ട് വീതം ഡോക്ടർമാരുടെ സേവനം തുടരുമെന്നും പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ അത്യാഹിതവിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ട വിവരം ശ്രദ്ധയിൽപെടാത്ത അത്യാസന്നനിലയിലുള്ള ആരെങ്കിലും എത്തിയാൽ ചികിത്സ ലഭ്യമാകാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാനാണിതെന്നും പ്രിൻസിപ്പൽ ഡോ. ഇ.വി. ഗോപി പറഞ്ഞു.
നിലവിലുള്ള സൗകര്യങ്ങളുടെ നാലിരട്ടി സൗകര്യങ്ങളാണ് ഇവിടെ ലഭ്യമാകുകയെന്ന് സൂപ്രണ്ട് ശ്രീജയൻ വ്യക്തമാക്കി. മെഡിക്കൽ കോളജ് -കാരന്തൂർ റോഡിലാണ് പുതിയ അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രധാന വഴി. വിശാലമായ മുറ്റവും പാർക്കിങ് സൗകര്യവുമുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയില്‍ ഇടുങ്ങിയ അവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗം പുതിയ ആറുനില കെട്ടിടത്തിലേക്ക് മാറുന്നതോടെ വിശാലമായ സൗകര്യങ്ങളാണ് ലഭ്യമായത്. സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റികളായ കാര്‍ഡിയാക് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി, യൂറോളജി, അനസ്ത്യേഷ്യ, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയ വിഭാഗങ്ങളാണ് ഇവിടെ പ്രവര്‍ത്തനമാരംഭിക്കുക.
നിലവില്‍ അഞ്ച് ഓപറേഷന് തിയറ്ററുകളും അനുബന്ധ ഐ.സി.യുകളും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജീത് കുമാർ, സൂപ്രണ്ട് എം.പി. ശ്രീജയൻ, മെഡിസിൻ വിഭാഗം മേധാവി ഡോ. ജയേഷ് എന്നിവരും വിവിധ വകുപ്പ് മേധാവികളും പി.എം.എസ്.എസ്.വൈ ബ്ലോക്കിൽ ആരംഭിച്ച അത്യാഹിതവിഭാഗത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമായി രാവിലെ എത്തിച്ചേർന്നു.
പുതിയ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം ഈമാസം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. കേന്ദ്രവിഹിതമായ 120 കോടിയും സംസ്ഥാനവിഹിതമായ 75.93 കോടിയും ഉൾപ്പെടെ 195.93 കോടി രൂപ ചെലവഴിച്ചതാണ് സർജിക്കൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

