അനുമതിയില്ലാതെ ആന എഴുന്നള്ളിപ്പും ഉത്സവവും; അറസ്റ്റ് ഉൾപ്പെടെ കടുത്ത നടപടിയുമായി നാട്ടാന പരിപാലന കമ്മിറ്റി
text_fieldsജില്ല കലക്ടറുടെ ചേംബറിൽ ചേർന്ന നാട്ടാന പരിപാലന കമ്മിറ്റി യോഗം
കോഴിക്കോട്: അനുമതിയില്ലാതെ ആനയെ എഴുന്നള്ളിച്ച് ഉത്സവം സംഘടിപ്പിച്ച ബാലുശ്ശേരി പൊന്നാരംതെരു ശ്രീ മഹാഗണപതി ക്ഷേത്ര കമ്മിറ്റിക്കും ഉത്സവ നടത്തിപ്പുകാർക്കുമെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കാൻ നാട്ടാന പരിപാലന കമ്മിറ്റി തീരുമാനം. ബന്ധപ്പെട്ടവർക്ക് എതിരെ നാട്ടാന പരിപാലന ചട്ടവും വന്യജീവി സംരക്ഷണ നിയമവും അനുസരിച്ച് നേരത്തേ കേസെടുത്തിരുന്നു.
ആനയെ എഴുന്നള്ളിക്കാൻ നൽകിയ അപേക്ഷ അധികൃതർ തള്ളിയിട്ടും ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുകയായിരുന്നു. വിലക്ക് ലംഘിച്ച് ഉത്സവം നടത്തിയത് കണക്കിലെടുത്താണ് നടപടി. ബുധനാഴ്ച രാവിലെ ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് റൂറൽ എസ്.പി നിർദേശം നൽകി. ഉത്സവത്തിൽ എഴുന്നള്ളിച്ച ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആനയുടെ ഉടമസ്ഥനെതിരെ 2021, 2023 വർഷങ്ങളിലും പരാതികൾ ലഭിച്ചിരുന്നതായും യോഗത്തിൽ ചൂണ്ടിക്കാട്ടി.
നിലനിൽക്കുന്ന പരാതികളും ആന എഴുന്നള്ളിപ്പ് സംബന്ധിച്ച സുപ്രീം കോടതി വിധികളും പരിശോധിച്ച് ജില്ല ഫോറസ്റ്റ് ഓഫിസർ ജില്ല കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിൽ ആനയെ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളിൽ തീരുമാനം കൈക്കൊള്ളും. മുൻ യോഗ തീരുമാന പ്രകാരം ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങൾക്ക് മുൻകൂറായി അനുമതി നൽകുന്നതിൽ നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങൾ പരിശോധിച്ചുവരുകയാണ്. ഉത്സവ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള മുൻകൂട്ടി അനുമതിക്കുള്ള അപേക്ഷ, പങ്കെടുപ്പിക്കുന്ന ആനയെ ഇൻഷൂർ ചെയ്യൽ, ആനയുടെ മൂവ്മെന്റ് രജിസ്റ്റർ സമർപ്പിക്കൽ തുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകുന്നത്.
അപേക്ഷ സമർപ്പിച്ച കേന്ദ്രങ്ങളിൽ അഗ്നിരക്ഷാസേന, വനം, പൊലീസ്, റവന്യൂ, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായ പരിശോധനകളും നിർവഹിച്ചുവരുന്നു.എ.ഡി.എം സി. മുഹമ്മദ് റഫീഖ്, കോഴിക്കോട് സിറ്റി എ.സി.പി കെ.എസ് ശരത്, ഫയർ ആൻഡ് റസ്ക്യൂ എസ്.ടി.ഒ വിവി റോബി വർഗീസ്, സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് സത്യപ്രഭ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.എൻ ദിവ്യ, ഡോ. അംബിക രാജൻ നമ്പ്യാർ, വിവേക് കെ. വിശ്വനാഥ്, രഞ്ജിത്ത് ശ്രീകണ്ഠൻ, ഡോ. അരുൺ, ജിജിൻ ജിത്ത്, സി. അനൂപ് കുമാർ, എം.പി. സജീവ്, പി. ജലീസ്, എൻ. ജിജേഷ്, കെ. ബീരാൻകുട്ടി, എൻ.കെ. ഇബ്രായി, എം.സി. വിജയകുമാർ, കെ.കെ. ബൈജു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.