വയോധികനെ വെർച്വൽ അറസ്റ്റിലാക്കി ലക്ഷങ്ങൾ തട്ടിയ കേസ്: രണ്ടുപേർ പിടിയിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
മതിലകം (തൃശൂർ): മതിലകം കൂളിമുട്ടം സ്വദേശിയായ വയോധികനെ വെർച്വൽ അറസ്റ്റിലാക്കി ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ രണ്ടുപേരെ കോഴിക്കോടുനിന്ന് പിടികൂടി. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ കുന്നോത്ത് വീട്ടിൽ അർജുൻ (24), ചെമ്പകത്ത് വീട്ടിൽ ഷിദിൻ (23) എന്നിവരെ ബാലുശ്ശേരിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. മതിലകം കൂളിമുട്ടം സ്വദേശിയായ മുൻ പ്രവാസിയാണ് തട്ടിപ്പിനിരയായത്.
വയോധികനെ വാട്സ് ആപ് വിഡിയോ കാളിൽ വിളിച്ച് മുംബൈ സലാർ പൊലീസ് സ്റ്റേഷനിൽനിന്നാണെന്നും നിങ്ങൾ ഡിജിറ്റൽ അറസ്റ്റിലാണെന്നും വിശ്വസിപ്പിച്ച് 18.15 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസ്. 2024 ഡിസംബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം. സലാർ സ്റ്റേഷനിൽനിന്നാണ് വിളിക്കുന്നതെന്നും നിങ്ങൾക്കെതിരെ മണി ലോണ്ടറിങ്ങിന് ക്രിമിനൽ കേസുണ്ടെന്നും ഭാര്യയോടൊപ്പം മുംബൈ കോടതിയിലെത്തണമെന്നും ഇല്ലെങ്കിൽ വീട്ടിൽ വന്ന് അറസ്റ്റ് ചെയ്യുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി. മുംബൈയിലേക്ക് വരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ വയോധികനോടും ഭാര്യയോടും വിഡിയോ കോളിൽ തുടരാൻ ആവശ്യപ്പെട്ടു.
നിങ്ങൾ വെർച്വൽ അറസ്റ്റിലാണെന്നും എല്ലാ ബാങ്ക് അക്കൗണ്ടും ഫ്രീസ് ചെയ്ത് ജഡ്ജിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചാൽ അറസ്റ്റ് ഒഴിവാക്കിത്തരാമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതോടെ പരിഭ്രാന്തരായ വയോധികൻ പിറ്റേദിവസം തന്റെയും ഭാര്യയുടെയും ജോയന്റ് അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റിട്ടിരുന്ന 10,18,602 രൂപയും പേഴ്സനൽ അക്കൗണ്ടിലുണ്ടായിരുന്ന 2,25,334 രൂപയും പ്രതിയുടെ അക്കൗണ്ടിലേക്ക് അയച്ചു. കൂടാതെ ഭാര്യയുടെ 100 ഗ്രാം സ്വർണം ബാങ്കിൽ പണയംവെച്ച് 5,72,000 രൂപയും പ്രതികൾക്ക് അയച്ചുകൊടുത്തു. ആകെ 18,15,936 രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പ് സംഘത്തിലെ രണ്ട് കണ്ണികൾ മാത്രമാണ് പിടിയിലായത്.
വാട്സ്ആപ്പിൽ ബന്ധപ്പെട്ടവർ ആദ്യം ഹിന്ദിയിലും പിന്നീട് മലയാളത്തിലുമാണ് സംസാരിച്ചതെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ എസ്.പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ അശ്വിൻ, എ.എസ്.ഐ വഹാബ്, സി.പി.ഒ ഷനിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

