ഉണ്ണികുളത്ത് ചന്ദനമരം മുറിച്ചു കടത്തുന്നതിനിടെ മൂന്നുപേർ പിടിയിൽ
text_fieldsപിടിച്ചെടുത്ത ചന്ദനമരക്കഷണങ്ങൾ
വനപാലകർ പരിശോധിക്കുന്നു
എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ ഇയ്യാട് മാളൂറമ്മൽ ക്ഷേത്രത്തിനടുത്ത പറമ്പിൽനിന്ന് ചന്ദനമരം മുറിച്ചുകടത്തുന്നതിനിടെ മൂന്നുപേർ വനംവകുപ്പിന്റെ പിടിയിലായി. മലപ്പുറം ചെങ്ങര സ്വദേശിയായ ശിഹാബുദ്ദീൻ (41), എളയൂർ സ്വദേശികളായ അബ്ദുൽ ബാസിത് (31), മുഹമ്മദ് റിയാസ് (32) എന്നിവരെയാണ് കക്കയം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സി. ബിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇവരിൽനിന്ന് 30,000 രൂപ വിലമതിക്കുന്ന രണ്ടു ചന്ദനമരങ്ങൾ കഷണങ്ങളാക്കിയ നിലയിൽ പിടിച്ചെടുത്തു. ചന്ദനം കടത്താൻ ഉപയോഗിച്ച ഓട്ടോയും പിടികൂടി. വ്യാഴാഴ്ച വൈകീട്ട് പ്രദേശത്തുനിന്ന് മരം മുറിച്ചുകടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നാട്ടുകാരാണ് ബാലുശ്ശേരി പൊലീസിലും വനംവകുപ്പിലും വിവരമറിയിച്ചത്.
കക്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർക്ക് പുറമെ ഫോറസ്റ്റർ പി. വിജയൻ, കെ.പി. ലിതേഷ്, കെ. രാഹുൽ, കെ. രജീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ബാലുശ്ശേരി പൊലീസും സ്ഥലത്തെത്തിയിരുന്നു.