തെച്ചി പാലം നിർമാണ പ്രവൃത്തി മന്ദഗതിയിൽ
text_fieldsഎസ്റ്റേറ്റ് മുക്ക് - കക്കയം റോഡിൽ മന്ദഗതിയിലായ തെച്ചി പാലം നിർമാണ പ്രവൃത്തി
എകരൂൽ: ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം പൊളിച്ചു മാറ്റിയ എസ്റ്റേറ്റ് മുക്ക് - കക്കയം റോഡിലെ തെച്ചി പാലത്തിന്റെ പ്രവൃത്തി ഇഴയുന്നത് പ്രദേശവാസികളെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച വീതി കുറഞ്ഞ ഇടുങ്ങിയതും കാലപ്പഴക്കം കൊണ്ട് അപകട ഭീഷണിയിലായതുമായ പാലം പൊളിച്ചു മാറ്റി പുതിയത് നിർമിക്കണമെന്നത് നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു. കക്കയം, വയലട തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കടക്കം നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലം നാലു മാസം മുമ്പാണ് പൊളിച്ചു മാറ്റിയത്.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഡിസംബറിൽ പുതിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിരുന്നു. രണ്ടു കോടി രൂപയാണ് നിർമാണത്തിന് വകയിരുത്തിയത്. ഒരു വർഷം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പാലം പൊളിച്ചു നീക്കി നാലു മാസം കഴിഞ്ഞെങ്കിലും നിർമാണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. പാലം പൊളിച്ചതോടെ സമാന്തരമായി നിർമിച്ച താൽക്കാലിക റോഡ് കനത്ത മഴയിൽ തകർന്നു. ബുധനാഴ്ച രാവിലെ താൽക്കാലിക റോഡ് ചളിക്കുളമായി മാറിയതോടെ ഗതാഗത സ്തംഭനമുണ്ടായി. ക്വാറി മാലിന്യം ഇറക്കിയാണ് വീണ്ടും ഗതാഗതം പുനഃസ്ഥാപിച്ചത്. കാലവർഷം കനത്താൽ സമാന്തരമായി നിർമിച്ച താൽക്കാലിക റോഡും ഒലിച്ചു പോകാൻ സാധ്യതയുണ്ട്. റോഡിന് കുറുകെയുള്ള അറോക്കുംതോട് വെള്ളം കയറി നിറഞ്ഞൊഴുകുകയാണ്. മഴ കനത്താൽ പ്രവൃത്തി മുന്നോട്ടു കൊണ്ടുപോകുക ഏറെ പ്രയാസമായിരിക്കും. ശക്തമായ കുത്തൊഴുക്കിൽ റോഡ് ഇടിയാനും സാധ്യത ഏറെയാണ്.
തെച്ചി പാലത്തിനടുത്ത് താൽകാലികമായി നിർമിച്ച ബദൽ റോഡിൽ ബുധനാഴ്ച രാവിലെ ഗതാഗത തടസ്സമുണ്ടായതിനെ തുടർന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബെന്നി ജോസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ബദൽ റോഡ് ബലപ്പെടുത്തി ഗതാഗതം സുഗമമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.