കുടിവെള്ള പദ്ധതിയുടെ കിണർ ഇടിഞ്ഞുതാഴ്ന്നു
text_fieldsകാരമ്മൽ കുടിവെള്ള പദ്ധതിയുടെ ഇടിഞ്ഞുതാഴ്ന്ന കിണർ പഞ്ചായത്ത് പ്രസിഡന്റ് ഏറാടിയിൽ ഇന്ദിരയും ജനപ്രതിനിധികളും സന്ദർശിക്കുന്നു
എകരൂൽ: കനത്ത മഴയിൽ കുടിവെള്ള പദ്ധതിയുടെ പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു. ഉണ്ണികുളം പഞ്ചായത്ത് നാലാം വാർഡിലെ കാരമ്മൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള രാജഗിരി അയ്യപ്പ ഭജനമഠത്തിന് സമീപത്തുള്ള പൊതുകിണറാണ് വെള്ളിയാഴ്ച വൈകീട്ട് നാലോടെ ഇടിഞ്ഞുതാഴ്ന്നത്. കിണറിന്റെ സംരക്ഷണ ഭിത്തിയടക്കമാണ് ഇടിഞ്ഞത്. കുടിവെള്ള പദ്ധതിയുടെ മോട്ടോറും മണ്ണിനടിയിലായി.
പ്രദേശത്തെ 50ഓളം വീട്ടുകാരുടെ ഏക ആശ്രയമായിരുന്ന കിണർ എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിലാക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, വാർഡ് മെംബർമാരായ ടി.കെ. റീന, പി.സി. ഷിജിലാൽ, ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ് അനിൽകുമാർ എകരൂൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. കിണർ പൂർവസ്ഥിതിയിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികൾ ഉറപ്പുനൽകി.