തെച്ചിയിലെ താൽക്കാലിക പാലം കനത്ത മഴയിൽ തകർന്നു
text_fieldsഎസ്റ്റേറ്റ് മുക്ക് - കക്കയം റോഡിലെ പൊളിച്ചു മാറ്റിയ തെച്ചി പാലത്തിന് സമാന്തരമായി നിർമിച്ച താൽക്കാലിക പാലവും റോഡും തകർന്ന നിലയിൽ
എകരൂൽ: എസ്റ്റേറ്റ് മുക്ക് - കക്കയം റോഡിലെ തെച്ചി പാലത്തിന് സമാന്തരമായി നിർമിച്ച താൽക്കാലിക പാലവും റോഡും വീണ്ടും തകർന്നു. ഇതേ തുടർന്ന് ഇതു വഴിയുള്ള ഗതാഗതം നിലച്ചു. പുതിയ പാലം നിർമിക്കാനായി അറോക്കുംതോടിന് കുറുകെയുള്ള പഴയപാലം അഞ്ചു മാസങ്ങൾക്ക് മുമ്പ് പൊളിച്ചു മാറ്റിയിരുന്നു.
തുടർന്നാണ് താൽക്കാലിക പാലം നിർമിച്ചത്. കനത്ത മഴയിൽ വെള്ളിയാഴ്ച രാത്രിയാണ് റോഡ് തകർന്നത്. രാവിലെ ഗതാഗതം തടസ്സപെട്ടതോടെ കോറി മാലിന്യം ഇറക്കി റോഡ് ഉയർത്തിയാണ് വീണ്ടും ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ മാസവും മഴയിൽ താൽക്കാലിക റോഡ് തകർന്നിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് പുതിയ പാലത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചത്. ഒരു വർഷം കൊണ്ട് പുതിയ പാലം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നിർമാണ പ്രവൃത്തി ഇപ്പോഴും പ്രാരംഭ ഘട്ടത്തിൽ തെന്നെയാണ്.