തെച്ചിയിലെ താൽക്കാലിക പാലം തകർന്നു; ഗതാഗതം നിലച്ചു
text_fieldsഎകരൂൽ: എസ്റ്റേറ്റ് മുക്ക് - കക്കയം റോഡിലെ തെച്ചി പാലത്തിന് സമാന്തരമായി നിർമിച്ച താൽക്കാലിക പാലവും റോഡും തകർന്നു. ഇതുവഴിയുള്ള ഗതാഗതം നിലച്ചു. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം പുതിയ പാലം നിർമിക്കാനായി നിലവിലുള്ള പഴയപാലം പൊളിച്ചുമാറ്റിയിരുന്നു. തുടർന്നാണ് താൽക്കാലിക പാലം നിർമിച്ചിരുന്നത്.
കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് റോഡും പാലവും ഒലിച്ചുപോയത്. കഴിഞ്ഞ 6 മാസത്തിനിടയിൽ നിരവധി തവണ ഈ താൽക്കാലിക റോഡ് തകർന്ന് ഗതാഗതം സ്തംഭിച്ചിരുന്നു.
ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച വീതികുറഞ്ഞ ഇടുങ്ങിയ പാലം കാലപ്പഴക്കം കൊണ്ട് അപകട ഭീഷണിയിലായിരുന്നു. ഈ പാലം പൊളിച്ചുമാറ്റി പുതിയ പാലം നിർമ്മിക്കണമെന്നത് നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു. കക്കയം, വയലട തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലം അഞ്ചു മാസം മുമ്പാണ് പൊളിച്ചുമാറ്റിയത്. സമാന്തരമായി നിർമിച്ച താൽക്കാലിക റോഡ് കനത്ത മഴയിൽ തകർന്നത് യാത്രക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്.